ഇടുക്കി കലക്ടറുടെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് ശ്രമം; സൈബർ സെൽ അന്വേഷണം ആരംഭിച്ചു
സന്ദേശത്തിന്റെ ഉറവിടം ഡാർജിലിങ്ങാണെന്നാണ് സൈബർ സെല്ലിന്റെ പ്രാഥമിക നിഗമനം
ഇടുക്കി: ജില്ലാ കലക്ടറുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് ശ്രമം. കലക്ടർ ഷീബ ജോർജിന്റെ പരാതിയിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇടുക്കി തഹസിൽദാർക്കാണ് വ്യാജ വാട്സാപ്പ് അക്കൗണ്ടിൽ നിന്ന് ആദ്യ സന്ദേശമെത്തിയത്. തഹസിൽദാരുടെ ഔദ്യോഗിക നമ്പറിലേക്ക് ഇംഗ്ലീഷിലായിരുന്നു സന്ദേശം.
കലക്ടറുടെ പേരിൽ അപരിചിതമായ നമ്പരിൽ നിന്ന് സന്ദേശം വന്നതോടെ തഹസിൽദാർ കലക്ടറെ വിവരമറിയിക്കുകയായിരുന്നു.കലക്ടറുടെ പരാതിയിൽ ഇടുക്കി സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
സന്ദേശത്തിന്റെ ഉറവിടം ഡാർജിലിങ്ങാണെന്നാണ് സൈബർ സെല്ലിന്റെ പ്രാഥമിക നിഗമനം. കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലെ ഫോട്ടോയാണ് വ്യാജ വാട്സാപ്പ് അക്കൗണ്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം തട്ടിപ്പുകളിൽപ്പെട്ട് ആരും വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് കലക്ടർ ഫേസ്ബുക്കിലൂടെ അറിയിച്ചു.