എൽദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്ക് മർദനമേറ്റ സംഭവം; 30 പേർക്കെതിരെ കേസ്

പ്രാദേശിക സി.പി.എം നേതാവിന്റെ മകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് എം.എല്‍.എ മീഡിയവണിനോട് പറഞ്ഞു

Update: 2023-12-11 05:52 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകരെ കാണാനെത്തിയ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.പെരുമ്പാവൂർ പൊലീസാണ് കേസ് എടുത്തത്. തന്നെ ആക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ മീഡിയവണിനോട് പറഞ്ഞിരുന്നു.

പെരുമ്പാവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെ ഇന്നലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചിരുന്നു. ഇതില്‍ സാരമായി പരിക്കേറ്റ നോയല്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നോയലിന് ചികിത്സ നല്‍കാന്‍ പൊലീസ് വിസമ്മതിച്ചതായി എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. തുടര്‍ന്ന് താന്‍ പൊലീസ് സ്റ്റേഷനിലെത്തി നോയലിനെ ബലമായി കൊണ്ടുവന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അദ്ദേഹത്തിനെ ആശുപത്രിയിലെത്തിച്ച് പരിശോധിക്കുന്ന സമയത്താണ് ഒരു ഡി.വൈ.എഫ്.ഐക്കാരന്‍ കാഷ്വാലിറ്റിയിലെത്തി വീഡിയോ എടുത്തത്. ചോദ്യം ചെയ്തപ്പോള്‍ ജീവന്‍ രക്ഷാപ്രവര്‍ത്തകനാണെന്നാണ് പറഞ്ഞത്. തുടര്‍ന്ന് ഇയാളെ പറഞ്ഞുവിട്ടു. ഇയാള്‍ പോയി കുറച്ച് കഴിഞ്ഞപ്പോഴാണ് ഒരു സംഘമാളുകള്‍ ആശുപത്രിയിലെത്തി ആക്രമണം നടത്തിയതെന്നും എം.എല്‍.എ മീഡിയവണിനോട് പറഞ്ഞു.

'പ്രാദേശിക സി.പി.എം നേതാവിന്റെ മകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിൽ എത്തിയത്. ഇരുപതോളം ബൈക്കുകളിലാണ് ഒരു സംഘം എത്തിയത്. എല്ലാ ബൈക്കിലും മൂന്ന് പേർ വീതമുണ്ട്. അവരുടെ കൈകളിൽ ഇരുമ്പുവടികളും ഹെൽമറ്റുമടക്കമുണ്ടായിരുന്നു. അവർ ആശുപത്രിയിലുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ തുടങ്ങി.തടയാൻ എത്തിയ തന്നെ കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ച് താഴെയിടുകയും തല്ലാൻ വടിയുമായെത്തി. ആ സമയത്ത് എന്റെ ഡ്രൈവറാണ് അവരെ തടഞ്ഞത്. ഡ്രൈവറെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.' എൽദോസ് കുന്നപ്പിളിയിൽ പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെ മുദ്രവാക്യം വിളിച്ചു കൊണ്ടായിരുന്നു മർദനം.അവരുടെ വീഡിയോ ദൃശ്യങ്ങളും ഇവിടെയുണ്ട്.നിയമനടപടികൾ ആരംഭിച്ചുവെന്നും എൽദോസ് കുന്നപിള്ളിയിൽ എം.എൽ.എ മീഡിയവണിനോട് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News