ആറ്റുകാൽ പൊങ്കാല ചടങ്ങുകൾക്ക് തുടക്കം; പണ്ടാര അടുപ്പിൽ തീപകർന്നു
ഭക്തജനങ്ങളുടെ തിരക്കലമര്‍ന്ന് തലസ്ഥാനം
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. പത്തുമണിയോടെ പണ്ടാര അടുപ്പിൽ നിന്ന് തീ പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പണ്ടാര അടുപ്പിൽനിന്ന് കത്തിക്കുന്ന ദീപത്തില്‍ നിന്നാണ് കീലോമീറ്ററുകളോളം നിരക്കുന്ന അടുപ്പുകളിലേക്ക് പകര്‍ന്നത്.
ശുദ്ധപുണ്യാഹത്തിനു ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10.30ന് സഹമേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലേക്കും തീ പകര്‍ന്നു. ഇതിന് പിന്നാലെ ചെണ്ടമേളവും കരിമരുന്ന് പ്രയോഗം നടന്നു. ദൂരെയുള്ള ഭക്തര്‍ക്ക് പ്രത്യേക അറിയിപ്പും നല്‍കിയിരുന്നു.
പതിനായിരക്കണക്കിന് ഭക്തരാണ് നഗരത്തിന്റെ പല ഭാഗത്തും പൊങ്കാല അർപ്പിക്കുന്നത്. ഉച്ചക്ക് 2.30നാണ് പൊങ്കാല നിവേദിക്കുക. ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ നഗരത്തിന്റെ പല ഭാഗത്തും ഇഷ്ടിക നിരത്തി സ്ത്രീകള്‍ സ്ഥാനം ഉറപ്പിച്ചിരുന്നു.
ആറ്റുകാലമ്മയുടെ ദർശനത്തിനും പൊങ്കാല നിവേദ്യത്തിനുമായി പതിനായിരക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലിലേക്ക് ഒഴുകി എത്തുന്നത്. ദൂരപ്രദേശങ്ങളിൽ നിന്ന് എത്തിവരടക്കം രാത്രിതന്നെ എത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി സ്ഥലം പിടിച്ചിട്ടുണ്ട്. പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തർക്ക് വേണ്ട എല്ലാ ക്രമീകരണവും പൂർത്തിയായിട്ടുണ്ട്. പൊലീസിന്റെ എയ്ഡ്പോസ്റ്റും അഗ്നിശമനസേനയുടെയും മെഡിക്കൽ സംഘങ്ങളുടെയും പ്രത്യേക ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.