കോഴിക്കോട്ട് ഭിന്നശേഷിക്കാരന്റെ പണം തട്ടിപ്പറിച്ചയാളെ ഓട്ടോഡ്രൈവര്‍ ഓടിച്ചിട്ട് പിടിച്ചു

ഇരുകാലുകളും നഷ്ടപ്പെട്ട രാജസ്ഥാൻ സ്വദേശി ശിവറാം കേസ് നടത്തിപ്പിനായാണ് കേരളത്തിലെത്തിയത്

Update: 2023-12-19 13:49 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡ് ജംഗ്ഷനിൽ ഭിന്നശേഷിക്കാരന്റെ പണം തട്ടിപ്പറിച്ച മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ചു. ഓട്ടോറിക്ഷ ഡ്രൈവറാണ് മോഷ്ടാവിനെ പിന്തുടർന്ന് പിടിച്ചത്. ചെർപ്പുളശ്ശേരി സ്വദേശി സൈതലവിയാണ് പണം തട്ടിയെടുത്തത്.

ഇരുകാലുകളും നഷ്ടപ്പെട്ട രാജസ്ഥാൻ സ്വദേശി ശിവറാമിന്റെ പണമാണ് തട്ടിപ്പറിച്ചത്. കേരളത്തിൽ 18 വർഷത്തോളം ജോലി ചെയ്തിരുന്നയാളാണ് ശിവറാം. നാട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് രണ്ടുകാലുകളും നഷ്ടമാകുകയായിരുന്നു. അപകടത്തിന്റെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയതാണ് ശിവറാം. എട്ടുലക്ഷത്തോളം നഷ്ടപരിഹാരമായി കിട്ടുമെന്ന് അഭിഭാഷകര്‍ പറഞ്ഞെന്നും എന്നാല്‍ ഒന്നും കിട്ടിയില്ലെന്നും ശിവറാം മീഡിയവണിനോട് പറഞ്ഞു.

5000 രൂപ ചെലവുകൾക്കായി കൈയിൽ കരുതിയിരുന്നു. ആ പണമെല്ലാം തീര്‍ന്നതിനാല്‍ നാട്ടില്‍ പോകാനോ, അന്തിയുറങ്ങാനോ ഒരു ഇടം പോലുമില്ലാത്ത അവസ്ഥയിലായിരുന്നെന്നും ശിവറാം പറയുന്നു.  പണം തട്ടിപ്പറിച്ചോടിയത് കണ്ടാണ് ഓട്ടോഡ്രൈവറായ നിസാർ പ്രതിയുടെ പിന്തുടർന്നത്. പ്രതിയെ പിടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരെ ഏൽപ്പിക്കുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് കസബ സ്റ്റേഷനിലെത്തിച്ചു. സംഭവത്തിന് ശേഷം നാട്ടുകാരെല്ലാം ചേര്‍ന്ന് പിരിച്ചെടുത്ത പണം ശിവറാമിന് കൈമാറുകയും ചെയ്തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News