ബാബുവിനെ കരുതലോടെ ചേര്‍ത്തുപിടിച്ച് സൈന്യം; സല്യൂട്ട് ആർമി
ഓപറേഷൻ പാലക്കാട് എന്ന ഹാഷ് ടാഗോടെയാണ് സൈന്യം രക്ഷാദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിച്ചത്
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ചേറാട് സ്വദേശി ബാബുവിനെ (23) രക്ഷിക്കാൻ സൈന്യം നടത്തിയത് സമാനതകളില്ലാത്ത രക്ഷാദൗത്യം. കരസേനയുടെ രണ്ടു യൂണിറ്റാണ് മലമുനമ്പിൽ തമ്പടിച്ച് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടത്. 48 മണിക്കൂർ നീണ്ട ശ്രമകരമായ യത്‌നങ്ങൾക്കൊടുവിൽ രാവിലെ പത്തു മണിയോടെ ബാബുവിനെ സുരക്ഷാ ബെൽറ്റും ഹെൽമറ്റും ധരിപ്പിച്ച് പുറത്തെത്തിക്കുകയായിരുന്നു. ഓപറേഷൻ പാലക്കാട് എന്ന ഹാഷ് ടാഗോടെയാണ് സൈന്യം രക്ഷാദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിച്ചത്.
കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മലയാളിയായ ലഫ്. കേണൽ ഹേമന്ത് രാജും ടീമിലുണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ പ്രദേശത്തെത്തിയ കരസേനാ സംഘം മലമുകളിൽ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വലിയ വടം കെട്ടി ഇറങ്ങുകയായിരുന്നു. രാവിലെ ഒൻപതരയോടെ ബാബുവിന്റെ അടുത്തെത്തിയ സൈനികർ ഭക്ഷണവും വെള്ളവും നൽകി. ധൈര്യം നൽകിയ ശേഷം കയറിൽ കെട്ടി മുകളിലേക്കെത്തിച്ചു. തന്‍റെ ജീവന്‍ രക്ഷിച്ച സൈനികര്‍ക്ക് സുരക്ഷിത സ്ഥാനത്തെത്തിയ ശേഷം ബാബു നല്‍കിയ ചുംബനത്തില്‍ എല്ലാമുണ്ടായിരുന്നു. സ്‌നേഹവും ആശ്വാസവും കരുതലുമെല്ലാം.
മലകയറ്റത്തിൽ വൈദഗ്ധ്യമുള്ള 20 പേർ അടങ്ങുന്ന എൻഡിആർഎഫ് സംഘവും മലമുകളിൽ നിലയുറപ്പിച്ചിരുന്നു. കരസേനയുടെ എഞ്ചിനീയറിങ് വിഭാഗവും സർവേ വകുപ്പിന്റെ ഡ്രോൺ സംഘവും ദൗത്യത്തിലുണ്ടായിരുന്നു. ഡ്രോൺ നൽകിയ ദൃശ്യങ്ങൾ ദൗത്യത്തിൽ നിർണായകമായി.
അത്യാധുനിക ഉപകരണങ്ങളുമായാണ് രണ്ടു സൈനിക സംഘങ്ങൾ ചൊവ്വാഴ്ച രാത്രി സ്ഥലത്തെത്തിയത്. പർവതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാസംഘം ബെംഗളൂരുവിൽനിന്ന് സുലൂർ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനിൽനിന്നുമാണ് എത്തിയത്. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും ദൗത്യത്തിൽ പങ്കാളിയായി. അടിയന്തര സഹായങ്ങൾക്കായി പൊലീസിന്റെ ആന്റി ടെററിസ്റ്റ് ടീമിലെ അംഗങ്ങളും മലപ്പുറത്തുനിന്ന് രാത്രി എത്തിയിരുന്നു.
ബാബുവിനെ തിങ്കളാഴ്ച രാത്രി തന്നെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. വനം, പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സംഘമാണ് രക്ഷാദൗത്യത്തിനായി മല കയറിയിരുന്നത്. എന്നാൽ ഇരുട്ടുകയറിയതോടെ രക്ഷാദൗത്യം ദുഷ്‌കരമായി. ചൊവ്വാഴ്ച രാവിലെ മറ്റൊരു സംഘവും മല കയറി, ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയർ ഇറക്കി പാറയിടുക്കിൽ എത്താൻ ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ല.
അതിനിടെ ബാബുവിന് ഡ്രോണിൽ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്ററിന് ഭൂപ്രകൃതിയും ശക്തമായ കാറ്റും കാരണം പിന്മാറേണ്ട സാഹചര്യവുമുണ്ടായി. സന്നദ്ധ സംഘടനകളും ആദിവാസികളും രക്ഷാദൗത്യത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടായിരുന്നു.
#OP_Palakkad
— Southern Command INDIAN ARMY (@IaSouthern) February 9, 2022
In a spectacular action, highly qualified Teams of Indian Army have successfully rescued Mr Babu who slipped off a cliff & was stranded in a steep gorge for over 48 hours. The operation was coordinated by #DakshinBharatArea under the aegis of #SouthernCommand@adgpi pic.twitter.com/Pcksj6WEBS
തിങ്കളാഴ്ച രാവിലെയാണ് ബാബുവും മൂന്നു സുഹൃത്തുക്കളും കൂർമ്പാച്ചിലെ മല കയറാൻ ആരംഭിച്ചത്. ആയിരം മീറ്റർ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറി. അവിടെനിന്നു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്കു വരുമ്പോൾ കാൽ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു വീണ് മൂന്നടി വലിപ്പമുള്ള പാറയിടുക്കിൽ കുടുങ്ങുകയായിരുന്നു. മുകളിൽ നിന്നും താഴെ നിന്നും നോക്കിയാൽ കാണാനാവിത്ത സ്ഥലത്താണ് യുവാവ് കുടുങ്ങിയിരുന്നത്. കൈയിലുള്ള മൊബൈലിൽ ചിത്രമെടുത്ത് ബാബു സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചിരുന്നു. രാത്രി മൊബൈലിലെ ഫ്‌ളാഷ് മിന്നിച്ചാണ് യുവാവ് രക്ഷാപ്രവർത്തകർക്ക് ശ്രദ്ധ നൽകിയത്.
(ചിത്രങ്ങള്‍ക്കു കടപ്പാട്: Southern Command INDIAN ARMY ട്വിറ്റര്‍)