കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കൊലച്ചതി ചെയ്തവർ; സി.പി.എം സെമിനാറിൽ പങ്കെടുത്തത് മുശാവറ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലല്ല: ബഹാഉദ്ദീൻ നദ്‌വി

ചരിത്രത്തിൽ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചവരോട് ഒരിക്കലും യോജിക്കാനാവില്ലെന്നും ബഹാഉദ്ദീൻ നദ്‌വി പറഞ്ഞു.

Update: 2023-07-17 10:32 GMT
Advertising

മലപ്പുറം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കൊലച്ചതി ചെയ്തവരാണെന്നും അവരുമായി കൂട്ടുകൂടാൻ പാടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. മുശാവറ കൂടിയിട്ടല്ല സി.പി.എം സെമിനാറിലേക്ക് പ്രതിനിധിയെ അയച്ചതെന്നും നേതൃത്വത്തിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സെമിനാറിൽ പങ്കെടുത്തതെന്നും  നദ്‌വി പറഞ്ഞു.

അഭിപ്രായം പറയാൻ കിട്ടുന്ന സ്ഥലങ്ങളിൽ പറയുന്നതിൽ തെറ്റില്ല. മുശാവറ ചേര്‍ന്നിട്ട് രണ്ടു മാസത്തോളമായി. ഇതിനിടയിലാണ് സെമിനാര്‍ അടക്കമുള്ള വിഷയങ്ങള്‍ വരുന്നത്. ഇത്തരം വിഷയങ്ങളിൽ എന്നും മുശാവറ കൂടാൻ കഴിയില്ല. അപ്പോൾ നേതൃതലത്തിലുള്ള ആളുകൾ കൂടിയാലോചിച്ചു തീരുമാനിക്കുന്നുണ്ടാകും. അവരെല്ലാം തീരുമാനിച്ചാകും ഇത്തരം പരിപാടികളിലേക്ക് ആളുകളെ അയക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതും മറ്റു പലരും പറയുന്നതും വ്യക്തിപരമായ അഭിപ്രായമാണ്. അത് സമസ്ത മുശാവറയുടെ അഭിപ്രായമായി കാണരുതെന്നും ബഹാഉദ്ദീൻ നദ്‌വി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുസ്‌ലിംകളോട് കൊലച്ചതി ചെയ്തവരാണ്. ചരിത്രത്തിൽ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചവരോട് ഒരിക്കലും യോജിക്കാനാവില്ല. സമസ്തയെ ഒന്നും ചെയ്യാൻ സി.പി.എമ്മിന് കഴിയില്ലെന്നും നദ്‌വി പറഞ്ഞു.

സി.പി.എം സെമിനാറിൽ സമസ്ത പങ്കെടുക്കുന്നതിനെതിരെ ബഹാഉദ്ദീൻ നദ്‌വി നേരത്തേ ഫേസ്ബുക്ക് പോസ്റ്റിൽ പരോക്ഷ വിമർശനമുന്നയിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകളുമായി കൈകോർക്കുന്ന പാരമ്പര്യം സമസ്തക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ ഏക സിവിൽകോഡിനെ എതിർക്കാൻ ആരുമായും യോജിക്കാമെന്നാണ് സമസ്ത നിലപാടെന്നായിരുന്നു സെമിനാറിൽ പങ്കെടുത്ത ഉമർ ഫൈസി പറഞ്ഞത്. മറ്റെല്ലാം അപശബ്ദങ്ങളാണെന്നും അതിനെ അവഗണിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News