പൊലീസ് ഹരജി തള്ളി കോടതി; ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കില്ല
മയക്കുമരുന്ന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ലെന്നും കോടതി.
ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹരജി കോടതി തള്ളി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഹരജി തള്ളിയത്.
ആർ.ടി ഓഫീസിൽ സംഘർഷമുണ്ടാക്കിയതിനായിരുന്നു വ്ലോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍നടപടികള്‍ക്കായി ഇരുവരോടും ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ ഓഫീസിലെത്തിയതിനു പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ ഉണ്ടാവുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തത്. തുടര്‍ന്ന് വ്ലോഗര്‍ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത് റിമാന്‍റ് ചെയ്തെങ്കിലും ഇരുവർക്കും ജാമ്യം ലഭിച്ചു.
എന്നാൽ വ്ലോഗർ സഹോദരന്മാരുടെ വീഡിയോകൾ പരിശോധിച്ച പോലീസ് പ്രതികൾക്ക് കഞ്ചാവ് ബന്ധമുണ്ടോ എന്നതടക്കം അന്വേഷണ വിധേയമാക്കണമെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരുന്നത്. ഇതിനായി പ്രതികളുടെ ജാമ്യം റദ്ദ് ചെയ്ത് ഇവരെ കസ്റ്റഡിയിൽ വേണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ഇരുവർക്കും മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ ജില്ലാ സെഷൻസ് കോടതി, ജില്ലാ ഫസ്റ്റ് ക്ലാസ് കോടതി അനുവദിച്ച ജാമ്യം നിലനിൽക്കുമെന്നും വിധിച്ചു.