ബാണാസുര സാഗർ ഡാം: റെഡ് അലർട്ട് പ്രഖ്യാപിച്ചു
പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
വയനാട്: ബാണാസുര സാഗർ ജലസംഭരണിയിൽ ജലനിരപ്പ് 773.50 മീറ്റർ എത്തിയ സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അര മീറ്റർ കൂടി ഉയർന്നാൽ ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 774 മീറ്ററിൽ എത്തും. ഈ സാഹചര്യത്തിൽ ഇന്ന് (ഞായർ) ഉച്ചയ്ക്ക് 12 മണിക്കു ശേഷം ഷട്ടറുകൾ തുറന്ന് അധികജലം കാരമാൻ തോടിലേക്ക് ഒഴുക്കി വിടാൻ സാധ്യതയുണ്ട്. സെക്കൻഡിൽ 8.5 ക്യുബിക് മീറ്റർ പ്രകാരം 35 ക്യൂബിക് മീറ്റർ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടേണ്ടി വരും. പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാമും ഇന്ന് തുറക്കും. അനുവദനീയമായ സംഭരണ ശേഷിയായ 2382.53 അടിയിൽ ജലനിരപ്പ് എത്തിയതോടെയാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചത്. രാവിലെ 10ന് ഡാമിന്റെ ഒരു ഷട്ടർ 70 സെ.മീ ഉയർത്തി 50 ക്യു മെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയർന്നതോടെ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.