ബാങ്ക് അക്കൗണ്ടിനൊപ്പം ജീവിതവും മരവിച്ചു; പണം കടംവാങ്ങി കുടുങ്ങി ഓട്ടോ ഡ്രൈവർ, വീടുപണിയും അവതാളത്തിൽ
വീട് നിർമാണത്തിന് ലഭിച്ച വായ്പാത്തുക പോലും അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഓട്ടോ ഡ്രൈവർ ചന്ദ്രലാൽ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ ഓട്ടോ ഡ്രൈവർ എസ് ചന്ദ്രലാലിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്.
വീട് നിർമാണത്തിന് ലഭിച്ച വായ്പാത്തുക പോലും അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ചന്ദ്രലാൽ. ചന്ദ്രലാലിന്റെയും കുടുംബത്തിന്റെയും ഏറെക്കാലത്തെ സ്വപ്നമായിരുന്നു ആറു സെന്റിൽ ഒരു കൊച്ചുവീട് പണിതീർക്കണമെന്ന്. ഇതിനായി ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 10 ലക്ഷം രൂപ വായ്പയുമെടുത്തു. ഇതിന്റെ രണ്ടാം ഗഡുവായി അക്കൗണ്ടിൽ വന്ന അഞ്ചുലക്ഷം രൂപ പിൻവലിക്കാൻ ചെന്നപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ചന്ദ്രലാൽ അറിയുന്നത്.
വീടുപണിയുടെ ആവശ്യത്തിനായി മൂന്നുമാസം മുൻപാണ് ചന്ദ്രലാൽ ഒന്നര ലക്ഷം രൂപ ഒരാളിൽ നിന്നും കടം വാങ്ങുന്നത്. ഈ ഒന്നര ലക്ഷം രൂപ വന്ന ബാങ്ക് അക്കൗണ്ടിനെതിരെ ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് തമിഴ്നാട് സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതാണ് ചന്ദ്രലാലിന്റെ അക്കൗണ്ട് മരവിപ്പിക്കാൻ കാരണമായത്. പക്ഷേ, കടം വാങ്ങിയ പണം പിൻവലിക്കുന്ന സമയത്ത് അക്കൗണ്ട് മരവിപ്പിച്ചിട്ടുമുണ്ടായിരുന്നില്ല
അനുവദിക്കപ്പെട്ട വായ്പാത്തുകയായ അഞ്ചുലക്ഷം രൂപ അക്കൗണ്ടിൽ കിടക്കുമ്പോഴാണ് പലരിൽ നിന്നും പണം കടം വാങ്ങി വീടുപണി മുന്നോട്ട് കൊണ്ടുപോകേണ്ടുന്ന അവസ്ഥ ഒരു കുടുംബം നേരിടുന്നത്. ടി.ബി രോഗിയായ ചന്ദ്രലാലിനാവട്ടെ, ഓട്ടോ ഓടിക്കാൻ പഴയതുപോലെ കഴിയുന്നുമില്ല. ഈ അവസ്ഥയിൽ തമിഴ്നാട്ടിലേക്ക് പോയി സൈബർ പോലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ആലോചനയിലാണ് ചന്ദ്രലാൽ.