12 വർഷമായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; കാരണം അന്വേഷിച്ച് തെലങ്കാന വരെ പോയിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല
പണം ഇരട്ടിപ്പിക്കുന്ന ആപ്പിൽ നിന്നും പൈസ നിക്ഷേപിച്ച് വഞ്ചിതനായ തെലങ്കാന സ്വദേശിയാണ് പരാതി നൽകിയതെന്ന വിവരം മാത്രമാണ് യുവ സംരഭകന് ലഭിച്ചത്
പാലക്കാട്: ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിന്റെ കാരണം അന്വേഷിച്ച് തെലങ്കാന വരെ പോയിരിക്കുകയാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി അബു റജ. പണം ഇരട്ടിപ്പിക്കുന്ന ആപ്പിൽ നിന്നും പൈസ നിക്ഷേപിച്ച് വഞ്ചിതനായ തെലങ്കാന സ്വദേശിയാണ് പരാതി നൽകിയതെന്ന വിവരം മാത്രമാണ് യുവ സംരഭകന് ലഭിച്ചത്. നാല് മാസമായി ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്നില്ല.12 വർഷമായി മണ്ണാർക്കാട് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അക്കൗണ്ടാണ് അബൂ റജ ഉപയോഗിക്കുന്നത്.
2022 ഡിസംബറിലാണ് അക്കൗണ്ട് ഫ്രീസായത്. അന്വേഷണത്തിനൊടുവിൽ തെലുങ്കാനയിലെ വാറ ഗൽ ജില്ലയിലെ ജഗവേൽ എന്ന പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ ഇട്ടതെന്ന് കണ്ടെത്തി. ജഗവേലിൽ പോയെങ്കിലും പരാതികാരനായ സായ് സുനീത്ത് റെഡിയെ കണ്ടില്ല. ഫോണിൽ വിളിച്ച് കിട്ടിയില്ല. സായ് സുനീത്ത് റെഡി തെലുങ്കാന കേന്ദ്രീകരിച്ച ഒരു പണം ഇരട്ടിപ്പിക്കൽ ആപ്പിൽ ഒരു ലക്ഷത്തിലധികം പണം നിക്ഷേപിച്ച് വഞ്ചിതനായിരുന്നു.ഇയാൾ നിക്ഷേപിച്ച പണം കൈമാറിയപ്പോയതിൽ തന്റെ അക്കൗണ്ടും പെട്ടിട്ടുണ്ടാകാം എന്നാകാം എന്നാണ് അറിയാമെന്നാണ് അബു റജക്ക് ലഭിച്ച വിവരം.
തന്റെ അക്കൗണ്ടും പണം ഇരട്ടിപ്പിക്കുന്ന ആപ്പും തമ്മിൽ ഒരു ബന്ധമില്ലെന്നിരിക്കെ എന്തിനാണ് അക്കൗണ്ട് മരവിപ്പിച്ചെതെന്ന ചോദ്യമാണ് യുവ സംരംഭകൻ ചോദിക്കുന്നത്. സംഭവത്തിൽ ബാങ്ക് ഓപുട്ട്‌സ്മാനെ സമീപിച്ചു. ബാങ്കിന്റെ ഭാഗത്ത് നിന്നും നിരുത്തരവാദിത്തപരമായ നിറഞ്ഞ നിലപാടാണ് ഉണ്ടായതെന്നും അബൂ റജ പറയുന്നു. ഇലക്ട്രോണിക്‌സ് ബിസിനസ് ആയതിനാൽ ഇപ്പോഴും ഫ്രീസായ അക്കൗണ്ടിലേക്ക് പലരും പണം അയക്കുന്നുണ്ട്. എന്നാൽ പണം പിൻവലിക്കാൻ ഒരു മാർഗവുമില്ല.