ബാർ കോഴ വിവാദം; അന്വേഷണം സ്ഥലമിടപാടിലേക്ക്
ആസ്ഥാന മന്ദിരം നിർമിക്കാനായി വാങ്ങുന്ന സ്ഥലത്തിന് 2.8 കോടി രൂപ ഇതിനോടകം കൈമാറിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം സംഘടനയുടെ സ്ഥലമിടപാടിലേക്ക് നീങ്ങുന്നു. തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം നിർമിക്കാനായി വാങ്ങുന്ന സ്ഥലത്തിന് 2.8 കോടി രൂപ ഇതിനോടകം കൈമാറിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പണം നൽകിയ 472 ബാറുടമകളുടെയും മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. നിലവിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസോസിയേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രൈം ബ്രാഞ്ച് ശേഖരിക്കും.
ഡ്രൈ ഡേ ഒഴിവാക്കുന്നതടക്കമുള്ള മദ്യനയത്തിലെ മാറ്റങ്ങൾക്ക് പ്രത്യുപകാരം ചെയ്യണമെന്നായിരുന്നു ബാർ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദസന്ദേശം. എന്നാൽ തലസ്ഥാനത്ത് ആസ്ഥാനമന്ദിരം നിർമിക്കാൻ വേണ്ടിയുള്ള സ്ഥലം വാങ്ങാനായാണ് പണപ്പിരിവ് എന്നായിരുന്നു ബാർ അസോസിയേഷന്റെ വിശദീകരണം. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് 472 ബാറുടമകളിൽ നിന്ന് പണം പിരിച്ചതായി കണ്ടെത്തിയത്.
ഇങ്ങനെ പിരിച്ച 4 കോടി 54 ലക്ഷം രൂപയിൽ 2 കോടി 80 ലക്ഷം രൂപ സ്ഥലത്തിന് അഡ്വാൻസായി നൽകിയതിന്റെ രസീത് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ബാക്കി പണം തങ്ങളുടെ അക്കൗണ്ടിലുണ്ടെന്നാണ് ബാർ അസോസിയേഷൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. സ്ഥലത്തിന്റെ മൊത്തം വില 5 കോടിക്ക് മുകളിൽ വരുന്നതിനാൽ പണം തരാത്തവരിൽ നിന്ന് അത് പിരിച്ചെടുക്കാൻ അസോസിയേഷൻ നിർദേശം നൽകിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനിമോൻ ഇടുക്കിയിലെ ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം ഇട്ടതെന്നും അസോസിയേഷൻ വാദിക്കുന്നു. പണപ്പിരിവിന് കാരണമായി അനിമോൻ ശബ്ദസന്ദേശത്തിൽ പറഞ്ഞ കാര്യങ്ങൾ അസോസിയേഷൻ പ്രസിഡന്റിനോടുള്ള വ്യക്തിവിരോധം മൂലമാണെന്നാണ് അസോസിയേഷന്റെ വിശദീകരണം. ഈ വാദങ്ങളെ ക്രൈം ബ്രാഞ്ച് പൂർണമായി വിശ്വാസ്യത്തിലെടുക്കുന്നില്ല.