ഏക സിവിൽ കോഡിനെതിരായ സി.പി.എം സെമിനാറിന് എന്‍.ഡി.എ നേതാവും
എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് അരയക്കണ്ടിയാണ് പങ്കെടുക്കുക
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായ സി.പി.എം സെമിനാറിന് എന്‍.ഡി.എ നേതാവും. എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് അരയക്കണ്ടിയാണ് സെമിനാറിൽ പങ്കെടുക്കുന്നത്. സന്തോഷ് അരയക്കണ്ടി സെമിനാറിൽ പങ്കെടുക്കുന്നത് എസ്.എന്‍.ഡി.പി പ്രതിനിധിയായാണ്. ഏക സിവിൽ കോഡിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് എസ്.എന്‍.ഡി.പിയുടേത്.
ഏക സിവിൽ കോഡിനെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ രംഗത്തെത്തിയിരുന്നു. മുസ്‌ലിംകളിലെ ഒരു വിഭാഗം മാത്രമാണ് ഏക സിവിൽ കോഡിനെതിരെ രംഗത്തുള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നിയമം നടപ്പിലാക്കിയാൽ മുസ്‌ലിം സ്ത്രീകൾ നേരിടുന്ന വിവേചനം ഇല്ലാതാകും. മുസ്‌ലിം - ക്രിസ്ത്യൻ നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ ജൂലൈ 15ന് കോഴിക്കോട്ടാണ് സി.പി.എം സെമിനാര്‍ നടത്തുന്നത്. വിവിധ സംഘടനകളെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമസ്ത ഉള്‍പ്പെടെയുള്ള മുസ്‍ലിം സംഘടനകള്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. യു.ഡി.എഫില്‍ നിന്ന് മുസ്‍ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കി. കോണ്‍ഗ്രസില്ലാത്ത വേദിയിലേക്കില്ലെന്നാണ് ലീഗ് നേതാക്കള്‍ അറിയിച്ചത്. ഏകീകൃത സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് വ്യക്തമായ നിലപാട് സ്വീകരിച്ചില്ലെന്നും അതുകൊണ്ടാണ് യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നതെന്നുമാണ് സി.പി.എം വിശദീകരണം.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നതിലൂടെ രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സി.പി.എം നിലപാട്. ഏകീകൃത സിവിൽ കോഡ് നിയമ നിർമാണം നടത്തുമെന്ന് പ്രധാനമന്ത്രി പറയുന്നത് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ്. മതേതര ഇന്ത്യ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരും ഏകീകൃത സിവിൽ കോഡിനെ എതിർത്ത് രംഗത്തുവരാനുള്ള സമയമായി. വർഗീയവാദികളല്ലാത്ത എല്ലാവരെയും സെമിനാറിൽ പങ്കെടുപ്പിക്കുമെന്നും സി.പി.എം വ്യക്തമാക്കുകയുണ്ടായി.