ഷാജ് കിരണുമായി ഒരു ബന്ധവുമില്ലെന്ന് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച്

"ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സഭാ പി.ആര്‍.ഒയുമായുള്ള ബന്ധം മാത്രമാണ് ഷാജ് കിരണുള്ളത്"

Update: 2022-06-09 10:44 GMT
Editor : ijas
Advertising

പത്തനംതിട്ട: ഷാജ് കിരണുമായി മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ബന്ധത്തിനപ്പുറം ഒരു ബന്ധവുമില്ലെന്ന് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച്. ഗോസ്പൽ ഫോർ ഏഷ്യ എന്ന ട്രസ്റ്റ് 2015 മുതൽ നിലവിലില്ല. ഷാജ് കിരണ്‍ എന്ന വ്യക്തിക്ക് ആ ട്രസ്റ്റിന്‍റെയോ സഭയുമായി ബന്ധപ്പെട്ട ഏതെങ്കിലും ട്രസ്റ്റിന്‍റെയോ ഭാഗമായി ഒരു തരത്തിലുമുള്ള ബന്ധവും മുന്‍പോ ഇപ്പോഴോ ഇല്ലെന്നും ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പത്ര പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സഭാ പി.ആര്‍.ഒയുമായുള്ള ബന്ധം മാത്രമാണ് ഷാജ് കിരണുള്ളത്. നിലവില്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് ഷാജ് കിരണ്‍ ഇല്ലായെന്നുള്ള വസ്തുത ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്നും ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് വ്യക്തമാക്കി. വിവാദങ്ങളിലേക്ക് സഭയുടെയും മെത്രാപ്പൊലീത്തയുടെയും പേര് അനാവശ്യമായി വലിച്ചിഴക്കുന്നത് ഒഴിവാക്കണം. ഇതില്‍ നിയമനടപടികള്‍ എടുക്കണമോയെന്നുള്ളത് നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ബിലിവേഴ്സ് ചർച്ച് അറിയിച്ചു.

ഒരു രാഷ്ട്രീയ പാര്‍ട്ടികളോടോ, രാഷ്ട്രീയ നേതൃത്വത്തോടോ പ്രത്യേക ബന്ധമോ താല്‍പര്യമോ സഭ വെച്ചുപുലര്‍ത്തിയിട്ടില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും നേതൃത്വവുമായും ഒരേ തരത്തിലുള്ള ബന്ധമാണുള്ളതെന്നും ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം തന്നെ കണ്ടെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും ഇടനിലക്കാരനാണ് ഷാജ് കിരണെന്നും സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. ഷാജി കിരണ്‍ എന്നയാളാണ് ഇന്നലെ പാലക്കാട്ടെ ഓഫീസില്‍ എത്തിയതെന്ന് സ്വപ്ന പറഞ്ഞു. ഷാജി കിരൺ സ്വപ്നയെ കാണാൻ കാറിലെത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പാലക്കാട്ടെ സ്വപ്നയുടെ ഓഫിസിൽ എത്തുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News