പൂട്ടിയ മദ്യവിൽപ്പനശാലകൾ തുറക്കാനൊരുങ്ങി ബെവ്കോ; നികുതി സെക്രട്ടറി ഉത്തരവിറക്കി
പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കുന്നത്
തിരുവനന്തപുരം: പൂട്ടിയ മദ്യവില്‍പ്പനശാലകൾ തുറക്കാനൊരുങ്ങി ബെവ്കോ. പുതിയ മദ്യനയത്തിൻ്റെ ഭാഗമായാണ് ബെവ്കോ ഔട്ട്ലെറ്റുകള്‍ തുറക്കുന്നത്. അതാത് താലൂക്കുകളിൽ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത സ്ഥലങ്ങളില്‍ തുറക്കും. ഇതുസംബന്ധിച്ച് നികുതി സെക്രട്ടറി ഉത്തരവിറക്കി.
പുതിയ നയമനുസരിച്ച് സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കും. തിരക്കൊഴിവാക്കാൻ എന്ന പേരിൽ അടച്ചിട്ടിരുന്ന മദ്യഷാപ്പുകൾ പ്രീമിയം ഷാപ്പുകളായി തുറക്കാനും തീരുമാനമായിരുന്നു. ഐ.ടി, ടൂറിസം മേഖലകളിൽ ബാറുകൾ ഉൾപ്പെടെ ആരംഭിക്കും. സൈനിക, കേന്ദ്ര പൊലീസ് സൈനിക കാന്‍റീനുകളിൽനിന്നുള്ള മദ്യത്തിന്‍റെ വിലയും വർധിക്കും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വർധന.
സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസും വര്‍ധിപ്പിച്ചു. മദ്യനിർമാണത്തിന്‍റെ ഫീസിലും വർധനയുണ്ടായിട്ടുണ്ട്. നിലവിലെ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ബ്രൂവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനമായിരുന്നു. ഐ.ടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും. കാര്‍ഷികോല്‍പന്നങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാന്‍ അനുമതി നല്‍കും. ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരുകയും ചെയ്യും.
ഭരണപക്ഷത്തടക്കം എതിർപ്പുകൾ നിലനിൽക്കെയാണ് സംസ്ഥാനത്ത് പുതിയ മദ്യനയം നിലവിൽവന്നത്. അഴിമതിക്ക് കളമൊരുക്കുന്നതാണ് പുതിയ മദ്യനയമെന്നതായിരുന്നു കോൺഗ്രസിന്‍റെ പ്രധാന ആരോപണം.