മദ്യവില്‍പന ഓണ്‍ലൈനായി; പരീക്ഷണം ഭാഗികമായി വിജയിച്ചെന്ന് ബെവ്കോ
സംവിധാനം പൂർണ്ണ സജ്ജമായാൽ ഓണത്തിന് മദ്യം ഓൺലൈനായി വില്‍പന നടത്തും
ഓൺലൈനിലൂടെയുള്ള മദ്യത്തിന്‍റെ പരീക്ഷണ വിൽപ്പന ഭാഗികവിജയമെന്ന് ബെവ്കോ. തിരുവനന്തപുരം പഴവങ്ങാടി ഔട്ട്ലെറ്റിലാണ് പരീക്ഷണ വിൽപ്പന നടത്തിയത്. സംവിധാനം പൂർണ്ണ സജ്ജമായാൽ ഓണത്തിന് മദ്യം ഓൺലൈനായി വില്‍പന നടത്തും.
നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ 13 ഔട്ട്‌ലെറ്റുകളിലെ സ്റ്റോക്ക്, വില വിവരങ്ങൾ ബെവ്‌കോ സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ബിവറേജസ് കോർപറേഷന്‍റെ സൈറ്റിൽ കയറി ഓൺലൈനായി പണമടച്ച് മദ്യം വാങ്ങാനുള്ള സംവിധാനമാണ് ഓണം മുന്നില്‍ കണ്ട് ബെവ്‌കോ ഒരുക്കാന്‍ ശ്രമിക്കുന്നത്. ബെവ്‌കോയുടെ സൈറ്റിൽ കയറി ഔട്ട്‌ലെറ്റ് തെരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട ബ്രാൻഡ് ബുക്ക് ചെയ്യാം. തുടർന്ന് ഓൺലൈനായിത്തന്നെ പണമടക്കുന്നതാണ് സംവിധാനം.
മൊബൈലിൽ ലഭിക്കുന്ന രസീത് ഔട്ട്‌ലെറ്റിലെ പ്രത്യേക കൗണ്ടറിൽ കാണിക്കണം. രസീതിലെ കോഡ് സ്‌കാൻ ചെയ്ത ശേഷം മദ്യം ലഭിക്കും. ഓണത്തിനുമുൻപ് ഓൺലൈൻ സംവിധാനം പൂർണമായി സജ്ജമാക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്തെ ഒൻപത് ഔട്ട്‌ലെറ്റുകളിലെയും കോഴിക്കോട്ടെ നാല് ഔട്ട്‌ലെറ്റുകളിലെയും വിലവിവരപ്പട്ടികയാണ് ആദ്യം ബെവ്കോ പ്രസിദ്ധീകരിച്ചത്. ഇതില്‍ തിരുവനന്തപുരം പഴവങ്ങാടി ഔട്ട്ലെറ്റിലാണ് പരീക്ഷണ വിൽപ്പന നടത്തിയത്. പരീക്ഷണം വിജയിച്ചാൽ ഓണത്തിനുമുൻപ് സംസ്ഥാനത്തെ 250 ഔട്ട്‌ലെറ്റുകളിലും സംവിധാനം നടപ്പാക്കുമെന്ന് ബെവ്കോ അറിയിച്ചിരുന്നു. നിലവില്‍ മദ്യത്തിന്‍റെ പരീക്ഷണ വിൽപ്പന ഭാഗികമായി വിജയിച്ചെന്നാണ് ബെവ്കോയുടെ വാദം.സംവിധാനം വിജയകരമായി നിലവിൽ വന്നാല്‍ വരുന്നതോടെ ഔട്ട്‌ലെറ്റിന് മുൻപിലുള്ള നീണ്ട വരിക്കും തിരക്കിനും പരിഹാരമുണ്ടാകുമെന്നാണ് ബെവ്‌കോയുടെ വിലയിരുത്തല്‍.