ആദിവാസി- ദലിത് സംഘടനകളുടെ ഹർത്താലിന് ഫ്രറ്റേണിറ്റി മൂവ്മെൻ്റിന്‍റെ ഐക്യദാർഢ്യം

Update: 2024-08-20 16:19 GMT
Editor : ദിവ്യ വി | By : Web Desk
Advertising

വയനാട്: നാളെ എസ്.സി-എസ്.ടി സംഘടനകൾ നടത്തുന്ന സംസ്ഥാന വ്യാപക ഹർത്താലിന് ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻറെ ഐക്യദാർഢ്യം. എസ്.സി-എസ്.ടി വിഭാഗങ്ങളുടെ സംവരണ വ്യവസ്ഥയിൽ വരുമാന പരിധി നിശ്ചയിച്ച് ക്രീമിലെയർ വിഭാഗത്തെ ഒഴിവാക്കണമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സംവരണത്തിന്റെ അടിസ്ഥാന തത്വത്തെ തന്നെ പൂർണ്ണമായി അട്ടിമറിക്കുന്നതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ പറഞ്ഞു.

ചരിത്രപരമായ വിവേചനങ്ങൾ കാരണം സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് തുല്യമായ പ്രാതിനിധ്യം നൽകുക എന്ന സംവരണ വ്യവസ്ഥയുടെ ലക്ഷ്യത്തെയാണ് സുപ്രീം കോടതി വിധിയിലൂടെ പൂർണ്ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഒ.ബി.സി സംവരണത്തിലെ ക്രീമിലെയർ പരിധിയിലൂടെയും ഇ.ഡബ്ലു.എസ് സംവരണത്തിലൂടെയും സാമ്പത്തിക സംവരണം നടപ്പാക്കിയപ്പോഴും എസ്.എസ്-എസ്.ടി വിഭാഗങ്ങളെ അതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 1950 ൽ ഭരണഘടനയിൽ സംവരണം വ്യവസ്ഥ ചെയ്തതിന് ശേഷം ആദ്യമായാണ് എസ്.സി-എസ്.ടി വിഭാഗങ്ങളുടെ ക്വാട്ടയെ പുനർനിശ്ചയിച്ച് കൊണ്ടുള്ള കോടതി ഇടപെടൽ ഇപ്പോൾ ഉണ്ടാകുന്നത്. ഇതോടു കൂടി സമുദായ സംവരണമെന്ന വ്യവസ്ഥയെ തന്നെ പൂർണ്ണമായി അട്ടിമറിച്ചിരിക്കുകയാണെന്ന് ഷെഫ്റിൻ പറഞ്ഞു

പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കിടയിൽ ഉപസംവരണം നടപ്പാക്കണമെന്ന കോടതി നിർദേശവും ഇതിനോട് കൂട്ടിചേർത്ത് വായിക്കേണ്ടതാണ്. ഭരണഘടനയിലെ ആർട്ടിക്കിൽ 341 പ്രകാരം എസ്.സി-എസ്.ടി വിഭാഗങ്ങൾ വിഭജിക്കാൻ പറ്റാത്ത ഒറ്റ വിഭാഗങ്ങളാണെന്ന 2005 ലെ ഇ.വി ചിന്നയ്യ വെ. സ്റ്റേറ്റ് ഓഫ് ആന്ധ്രപ്പദേശ് കേസിലെ വിധിയെ ഓഗസ്റ്റ് 1 ലെ സുപ്രീം കോടതി വിധി തിരുത്തിയിരിക്കുകയാണ്. എസ്.എസി-എസ്.ടി വിഭാഗങ്ങൾക്കിടയിൽ തന്നെ ചില വിഭാഗങ്ങൾ കൂടുതൽ വിവേചനം നേരിടുന്നു എന്നത് യാഥാർത്ഥ്യമായിരിക്കെ തന്നെ അതിന്റെ പരിഹാരമായി ഉപസംവരണവും ക്രീമിലെയറും കൊണ്ട് വരുന്നത് കൂടുതൽ പ്രത്യാഘാതമുണ്ടാക്കുന്നതും പ്രാതിനിധ്യമെന്ന ആശയത്തെ തന്നെ അട്ടിമറിക്കുന്നതുമാണ്. നിലവിൽ 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമാണ് എസ്.സി-എസ്.ടി വിഭാഗങ്ങളെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഭരണഘടനാ ആർട്ടിക്കിൽ 341 പ്രകാരം ഈ ലിസ്ററിലേക്ക് പുതുക്കാനും തിരുത്താനുമുള്ള അവകാശം ഇന്ത്യൻ പ്രസിഡന്റിനും പാർലമെന്റിനുമാണ്. എന്നാൽ സുപ്രീം കോടതി വ്യത്യസ്ത സംസ്ഥാനങ്ങളോട് ഈ വിഭജനം നടത്താൻ ആവശ്യപ്പട്ടിരിക്കുന്നത് ഭരണഘടനാ ലംഘനമാണ്. മാത്രമല്ല, 1935 ലെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതിന്റെ മാനദണ്ഡം തന്നെ സമൂഹത്തിൽ ജാതീയമായ വിവേചനങ്ങൾ അനുഭവിക്കുന്ന വിഭാഗങ്ങൾ എന്നതാണ്. നിലവിൽ പ്രസ്തുത മാനദണ്ഡ പ്രകാരം ഈ വിവേചനം അനുഭവിക്കാത്തവർ എസ്.സി-എസ്.ടി വിഭാഗങ്ങളിലുണ്ടോ എന്ന വസ്തുതാപരമായ ഡാറ്റ ഇല്ലാതെയാണ് കോടതിയുടെ വിധി വന്നിരിക്കുന്നതെന്ന് ഷെഫ്റിൻ പറഞ്ഞു

എസ്.സി - എസ്.ടി വിഭാഗങ്ങൾക്കകത്ത് ഏതെങ്കിലും വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എങ്കിൽ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംവരണ വ്യവസ്ഥക്കകത്ത് തന്നെ പ്രത്യേക പരിഗണനയും കൂടുതൽ ശ്രദ്ധയുമാണ് നൽകേണ്ടത്. അതുറപ്പ് വരുത്താതെ, ക്രീമിലെയർ വാദമുന്നയിച്ച് സംവരണ വിഭാഗങ്ങളെ വിഭജിക്കുന്നത് തുല്യമായ പ്രാതിനിധ്യമെന്ന ആശയത്തെ തന്നെ അട്ടിമറിക്കുന്നതും തുല്യ നീതിക്ക് വേണ്ടിയുള്ള ഈ വിഭാഗങ്ങളുടെ രാഷ്ട്രീയ-അവകാശ പോരാട്ടങ്ങളെ ശിഥിലീകരിക്കുന്നതിനുമാകും കാരണമാകുക. 2023 ലെ പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് പ്രകാരം എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് അവർക്ക് വ്യവസ്ഥ ചെയ്യപ്പെട്ട സംവരണ തോതായ 15%, 7.5% എന്നതിനേക്കാൾ പ്രാതിനിധ്യം കൂടുതലുള്ളത് ഗ്രൂപ്പ് സി ജോലികളായ ക്ലീനിങ് പോലുള്ളവയിലാണ്. ക്രീമിലെയർ പരിധി കൂടി നടപ്പിലാക്കിയാൽ, നിലവിൽ സാമൂഹിക ചലനശേഷി സാധ്യമായ ആ വിഭാഗങ്ങളിലെ വ്യക്തികൾക്ക് പോലും ഒരു നിലക്കും എത്തിപ്പെടാൻ കഴിയാത്ത സവർണ്ണ തുരുത്തുകളായി അധികാരത്തിന്റെ ഉന്നത മേഖലകളായ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി ജോലികൾ മാറും എന്നതാണ് സംഭവിക്കുക. സമുദായ സംവരണത്തിന്റെ തന്നെ ഭരണഘടനാ വ്യവസ്ഥയെ പൂർണ്ണമായും അട്ടിമറിച്ച ഈ നിയമനിർമാണത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരേണ്ടതുണ്ട്. ഈ സാമൂഹിക അനീതിക്കെതിരെ കേരളത്തിലെ വ്യത്യസ്ത എസ്.സി-എസ്.ടി സംഘടനകൾ ആഗസ്റ്റ് 21 ന് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താലിന് ഫ്രറ്റേണിറ്റി മൂവ്മെൻ‍റ് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഷെഫ്റിൻ പറഞ്ഞു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News