ബൈബിൾ കത്തിച്ച നടപടി അപലപനീയം: കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപറേഷൻ
ഓരോ മതവിഭാഗവും തങ്ങളുടെ വിശ്വാസാചാരങ്ങളിൽ അടിയുറച്ച് വിശ്വസിക്കുമ്പോഴും സഹോദര സമുദായങ്ങളുടെ വിശ്വാസാചാരങ്ങളെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുകയെന്നതാണ് നമ്മുടെ പാരമ്പര്യം. ഇതിന് ഭംഗം വരുത്തുന്ന ഏത് നീക്കവും ആരുടെ ഭാഗത്ത് നിന്നായാലും ചെറുക്കപ്പെടണമെന്നും സി.സി.സി പ്രസ്താവനയിൽ പറഞ്ഞു.
കൊച്ചി: കാസർകോട് ജില്ലയിലെ മൂളിയാർ എരഞ്ഞിപ്പുഴ ഗ്രാമത്തിൽ ബൈബിൾ കത്തിച്ച സംഭവത്തെ കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപറേഷൻ (സി.സി.സി) ശക്തമായി അപലപിച്ചു. മതഗ്രന്ഥങ്ങൾ വിശുദ്ധവും ബഹുമാനിക്കപ്പെടേണ്ടതുമാണ്. അത് കത്തിക്കുകയും അതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് കടുത്ത നീച പ്രവർത്തിയാണ്.
ഓരോ മതവിഭാഗവും തങ്ങളുടെ വിശ്വാസാചാരങ്ങളിൽ അടിയുറച്ച് വിശ്വസിക്കുമ്പോഴും സഹോദര സമുദായങ്ങളുടെ വിശ്വാസാചാരങ്ങളെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുകയെന്നതാണ് നമ്മുടെ പാരമ്പര്യം. ഈ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഏത് നീക്കവും ആരുടെ ഭാഗത്ത് നിന്നായാലും ചെറുക്കപ്പെടണമെന്നും സി.സി.സി പ്രസ്താവനയിൽ പറഞ്ഞു.
സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ലോകത്ത് ഒരിടത്തും മതഗ്രന്ഥങ്ങളും മതചിഹ്നങ്ങളും അവഹേളിക്കപ്പെടരുത്. ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിന് ഉള്ളതുപോലെ തന്നെ മതസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള കടമയും സർക്കാരിനുണ്ട്. സമുദായ സ്പർദ്ധ വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ രാജ്യത്തിന്റെ നിയമത്തിന്റെ പരിധിയിൽനിന്ന് നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണം. ബൈബിൾ കത്തിച്ചയാൾക്ക് അർഹമായ ശിക്ഷ വാങ്ങിനൽകുന്നതിലും സർക്കാർ മാതൃകാപരമായി പ്രവർത്തിക്കണമെന്ന് കൗൺസിൽ ഭാരവാഹികളായ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ഡോ. പി. മുഹമ്മദലി (ഗൾഫാർ), സ്വാമി ഹരിപ്രസാദ്, ഫാദർ ആന്റണി വടക്കേകര, സി.എച്ച് അബ്ദുൽ റഹീം എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.