സമൂഹമാധ്യമങ്ങളില്‍ സ്റ്റാറ്റസ് ഇടാന്‍ ബൈക്ക് റൈസിങ്; നെയ്യാര്‍ഡാമില്‍ വാഹനമിടിച്ച് യുവാവിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി
നെയ്യാര്‍ഡാം റിസര്‍വോയര്‍ മൂന്നാം ചെറുപ്പിന് സമീപമാണ് വിഡിയോ ഷൂട്ടിനു വേണ്ടിയുള്ള ബൈക്കഭ്യാസത്തിനിടെ അപകടമുണ്ടായത്
നെയ്യാര്‍ ഡാമില്‍ ബൈക്ക് റൈസിങ്ങിനിടെയുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതരപരിക്ക്. നെയ്യാര്‍ഡാം റിസര്‍വോയര്‍ മൂന്നാം ചെറുപ്പിന് സമീപമാണ് അപകടം. സമൂഹമാധ്യമങ്ങളില്‍ സ്റ്റാറ്റസ് ഇടാനായി ഇവിടെ ബൈക്ക് റൈസിങ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ യുവാവിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവം. മൂന്ന് ബൈക്കിലെത്തിയ യുവാക്കള്‍ റേസിംഗ് നടത്തുന്നതിനിടെ വാഹനം വെട്ടിത്തിരിക്കുകയും അതുവഴി നെയ്യാര്‍ ഡാമിലേക്ക് പോകുകയായിരുന്ന ബുള്ളറ്റ് യുവാവിന്റെ ബൈക്കില്‍ ഇടിക്കുകയുമായിരുന്നു. ബൈക്ക് കുറുകെ പിടിച്ചതിലാണ് അപകടമുണ്ടായത്. ഇതോടെ ബുള്ളറ്റിലെത്തിയവര്‍ ചോദ്യം ചെയ്യുകയും ഇരുസംഘങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു.
കാലൊടിഞ്ഞ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവ് വട്ടിയൂര്‍ക്കാവ് സ്വദേശിയാണെന്നാണ് വിവരം.
സമൂഹമാധ്യമങ്ങളില്‍ സ്റ്റാറ്റസ് ഇടാന്‍ വേണ്ടി ഫോട്ടോ, വീഡിയോ ഷൂട്ട് നടത്താനായി നെയ്യാര്‍ ഡാം പരിസരത്ത് സ്ഥിരം യുവാക്കള്‍ എത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മിക്ക വൈകുന്നേരങ്ങളിലും പ്രദേശത്ത് വാഹനയാത്രയ്ക്കും വഴിയാത്രക്കാര്‍ക്കുമെല്ലാം ബുദ്ധിമുട്ടാകുന്ന തരത്തില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസങ്ങള്‍ നടക്കാറുണ്ടെന്നും പരാതിയുണ്ട്. അതേസമയം, ഇന്നലത്തെ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടില്ല.