വി.സി നിയമനങ്ങളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ ഇന്ന് സഭയിൽ; ഒപ്പിടില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

ഡൽഹി സന്ദർശനത്തിനുശേഷം ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകിട്ട് തിരിച്ചെത്തും

Update: 2022-08-24 00:45 GMT
Editor : Lissy P | By : Web Desk
Advertising


തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. നിയമനങ്ങളിൽ സർക്കാരിന് സ്വാധീനം ഉണ്ടാകുന്ന തരത്തിൽ സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവരുന്നത്. അതിനിടെ ഡൽഹി സന്ദർശനത്തിനുശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സംസ്ഥാനത്ത് തിരിച്ചെത്തും.

വൈസ് ചാൻസലറെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്നും അഞ്ചായി വർധിപ്പിക്കുന്നതാണ് പ്രധാന ഭേദഗതി. പുതിയതായി എത്തുന്ന രണ്ട് അംഗങ്ങളും സംസ്ഥാന സർക്കാർ നോമിനികൾ ആയിരിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ സമിതിയുടെ കൺവീനറാകും.

നിലവിൽ സെർച്ച് കമ്മിറ്റിയിൽ മൂന്നംഗങ്ങളാണുള്ളത്. ഗവർണറുടെ പ്രതിനിധിക്കും യുജിസി പ്രതിനിധിക്കും പുറമേ സർവകലാശാല പ്രതിനിധിയുമാണ് അംഗങ്ങൾ. സമിതിയിലെ മൂന്നിൽ രണ്ടുപേരും കേന്ദ്രസർക്കാർ താല്പര്യമുള്ളവരായതിനാൽ സംസ്ഥാന സർക്കാരിന് താല്പര്യമുള്ളവരെ വൈസ് ചാൻസിലർമാർ ആക്കാനാവില്ല. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ സാധ്യത ഗവർണർ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് നിയമ ഭേദഗതിക്ക് സർക്കാർ ഒരുങ്ങിയത്. നിയമഭേദഗതിയിലൂടെ വരുന്ന പുതിയ ഘടന പ്രകാരംസെർച്ച് കമ്മിറ്റിയിൽ സംസ്ഥാന സർക്കാരിന് ആധിപത്യം ഉണ്ടാകും.

ഭൂരിപക്ഷം അംഗങ്ങളും നിർദേശിക്കുന്ന പാനലിൽ നിന്നാണ് വി.സിയെ ഗവർണർക്ക് നിശ്ചയിക്കേണ്ടത്. അതായത്, ഗവർണർ ഇടഞ്ഞാലും സർക്കാരിന് താല്പര്യമുള്ളവരെ വൈസ് ചാൻസിലർ ആക്കാനാവും. വൈസ് ചാൻസിലർമാരുടെ പ്രായപരിധി 60ൽ നിന്നും 65 ആക്കുന്നതാണ് ബില്ലിലെ മറ്റൊരു ഭേദഗതി. നിയമസഭ പാസാക്കിയാലും ബില്ലിൽ ഒപ്പിടില്ലെന്ന മുന്നറിയിപ്പ് ഗവർണർ നൽകി കഴിഞ്ഞു. ഇതോടെ ബില്ലിന് അംഗീകാരം ലഭിക്കുന്നത് വൈകുമെന്ന് ഉറപ്പായി.

ബില്ലിന് അംഗീകാരം നൽകാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവാനും ഗവർണർക്ക് കഴിയും. ഡൽഹി സന്ദർശനത്തിനുശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകിട്ട് തിരിച്ചെത്തും. പിന്നാലെ കണ്ണൂർ വിസിയോട് കാരണം കാണിക്കൽ നോട്ടീസ് അയക്കുക അടക്കമുള്ള തുടർനടപടികൾ രാജ്ഭവൻ വേഗത്തിലാക്കും.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News