റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു
യുക്രൈൻ ഷെല്ലാക്രമണത്തിൽ ബിനിലിന് പരിക്കേറ്റിരുന്നു
തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കൾ അറിയിച്ചു. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരിക്കേറ്റതായി കൂടെയുണ്ടായിരുന്ന ജെയിൻ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിലിന്റെ മരണവാർത്തയെത്തുന്നത്.
നേരത്തെ യുവാക്കളിൽ ഒരാളായ ജെയിൻ മോസ്കോയിൽ എത്തിയിരുന്നു. റഷ്യൻ അധിനിവേശ യുക്രൈനിൽ നിന്നുമാണ് ജെയിന്‍ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്. യുക്രൈൻ ഷെല്ലാക്രമണത്തിൽ ജെയിനും പരിക്കേറ്റിരുന്നു.
ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്. എന്നാല്‍ മലയാളി ഏജന്‍റ് കബളിപ്പിച്ചതിനെ തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്‍റെ കൂട്ടത്തില്‍പെടുകയായിരുന്നു. ഇന്ത്യൻ എംബസി വഴി ഇരുവരെയും റിലീസ് ചെയ്യാനുള്ള ഉത്തരവ് കമാൻഡർക്ക് നൽകിയെങ്കിലും ഓര്‍ഡർ മടക്കി അയക്കുകയാണ് ഉണ്ടായത്.