'നിയമവിരുദ്ധമായി കരാർ'; ബയോബിൻ വിതരണത്തില്‍ പരിഷത്ത് കമ്പനിയുടെ അട്ടിമറി

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു കീഴിലുള്ള ഐ.ആർ.ടി.സിയുടെ പേരിൽ കരാർ സ്വന്തമാക്കിയത് അക്രഡിറ്റേഷനില്ലാത്ത മറ്റൊരു കമ്പനി

Update: 2023-05-30 04:42 GMT
Advertising

കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ ബയോബിൻ വിതരണത്തിലെ അഴിമതിയെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തുവരുന്നു. ബയോബിൻ വിതരണ കരാറിൽ പരിഷത്ത് കമ്പനി അട്ടിമറി നടത്തിയതെന്നാണ് പുതിയ റിപ്പോർട്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു കീഴിലുള്ള ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററിന്റെ(ഐ.ആർ.ടി.സി) പേരിൽ ബയോബിൻ വിതരണ കരാറെടുത്തതിലാണ് തിരിമറി നടന്നത്. ഐ.ആർ.ടി.സിയുടെ പേരിൽ കരാർ സ്വന്തമാക്കിയത് അക്രഡിറ്റേഷനില്ലാത്ത ഐ.ആർ.ടി.സി-പി.ഐ.യു എന്ന കമ്പനിയാണ്. ബയോബിൻ കരാറുമായി ബന്ധപ്പെട്ട മീഡിയവൺ അന്വേഷണപരമ്പരയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കരാർ എടുക്കുന്നതും പണം വാങ്ങുന്നതുമെല്ലാം ഐ.ആർ.ടി.സി-പി.ഐ.യു എന്ന കമ്പനിയാണ്. ഇവർ കരാർ സ്വന്തമാക്കിയ ശേഷം ഒമേഗ എന്ന മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകുകയും ചെയ്തു. ടെണ്ടറില്ലാതെ കരാറെടുക്കാൻ കമ്പനിക്ക് അധികാരമില്ലെന്നിരിക്കെ, ടെണ്ടറെടുത്തതും ഉപകരാർ നൽകിയതും നിയമവിരുദ്ധമായാണ്. ഉപകരാർ നൽകാനും ബയോ ബിൻ വിതരണം നടത്താനും ഐ.ആർ.ടി.സിക്ക് അംഗീകാരമില്ലെന്നിരിക്കെയാണ് പരിഷത്തിന്റെ മറവിൽ ഈ വഴിവിട്ട നീക്കം.

തദ്ദേശസ്ഥാപനങ്ങളിലെ ബയോബിൻ വിതരണത്തിൽ നഗരസഭകളുമായി കരാറുണ്ടാക്കുന്നത് ഐ.ആർ.ടി.സി ആണെങ്കിലും സ്വകാര്യ കമ്പനികൾക്ക് ഉപകരാർ നൽകുകയാണെന്ന റിപ്പോർട്ട് നേരത്തെ മീഡിയവൺ പുറത്തുവിട്ടിരുന്നു. ഉപകരാർ ലഭിച്ച കമ്പനികളാണ് നഗരസഭകളിൽ ബയോബിന്നുകൾ എത്തിക്കുന്നത്. കമ്മീഷൻ ഏജന്റായി പ്രവർത്തിച്ച് പരിഷത്തിന്റെ കമ്പനി കോടികളാണ് സമ്പാദിക്കുന്നത്.

നഗരസഭകളുമായും പഞ്ചായത്തുകളുമായും ബയോ ബിൻ വിതരണത്തിന് കരാറുണ്ടാക്കിയ ശേഷം അത് മറിച്ചുനൽകുന്നതാണ് പരിഷത്തിൻറെ കമ്പനിയായ ഐ.ആർ.ടി.സിയുടെ രീതി. സർക്കാർ രേഖകളിൽ കരാർ നേടുന്നത് ഐ.ആർ.ടി.സി ആണെങ്കിലും ബയോ ബിൻ എത്തിക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം സ്വകാര്യ കമ്പനികളാണ്. കോയമ്പത്തൂർ ആസ്ഥാനമായ 'ഒമേഗ' കമ്പനിക്കാണ് കൂടുതൽ ഉപകരാറും ലഭിച്ചത്.

Full View

2021ൽ ആലപ്പുഴ നഗരസഭയിൽ ഐ.ആർ.ടി.സിക്കാണ് കരാർ ലഭിച്ചത്. 1800 രൂപ നിരക്കിൽ ഐ.ആർ.ടി.സിക്ക് നഗരസഭ പണം നൽകി. എന്നാൽ ഐ.ആർ.ടി.സി ഇത് വാങ്ങിയത് 1160 രൂപ നിരക്കിലാണ്. പതിവുപോലെ ഒമേഗ കമ്പനിക്കായിരുന്നു ഉപകരാർ. കൊല്ലം വെളിനല്ലൂർ പഞ്ചായത്തിലും 1800 രൂപ നിരക്കിൽ ഐ.ആർ.ടി.സി കരാർ നേടി. വെസ്റ്റേൺ പ്ലാസ്റ്റിക് കമ്പനിക്കായിരുന്നു ഉപകരാർ. 848 രൂപ നിരക്കിൽ ഐ.ആർ.ടി.സി വാങ്ങിയ ബയോ ബിന്നാണ് 1800 രൂപക്ക് നൽകിയത്.

മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ പ്രസ്ഥാനമാണ് ശാസ്ത്ര സാഹിത്യ പരിഷത്തും ഐ.ആർ.ടി.സിയും. എന്നാൽ ബയോ ബിൻ ഇടപാടുകളിൽ ഉടനീളും പുറത്തുവരുന്ന ക്രമക്കേടുകൾ പരിഷത്തിന് കളങ്കമായി മാറും. അതേസമയം ബയോബിൻ വിതരണം സംബന്ധിച്ച് മീഡിയവൺ പുറത്തുവിട്ട രേഖകൾ നിഷേധിക്കാതെ ഐ.ആർ.ടി.സി ഡയറക്ടർ ഡോ.ജെ സുന്ദരേശൻ രംഗത്ത് എത്തി. തന്റെ കാലത്ത് ബയോ ബിന്നുമായി ബന്ധപ്പെട്ട് ഇടപാട് നടന്നിട്ടില്ല. അതിനുമുൻപ് നടന്നതിനെക്കുറിച്ച് അറിയില്ല. രേഖകൾ പരിശോധിച്ച് തെറ്റുകാരുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ഐ.ആർ.ടി.സി ഡയറക്ടർ മീഡിയവണിനോട് പറഞ്ഞു.

Summary: An unaccredited company called IRTC-PIU was awarded the Biobin supply contract in the name of Integrated Rural Technology Center (IRTC) under Kerala Sastra Sahitya Parishad.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - മുഹമ്മദ് റാഫി കരീം

contributor

Similar News