പക്ഷിപ്പനി; അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പക്ഷികളെ ഇന്നുമുതല്‍ കൊന്നുതുടങ്ങും
കോഴി, താറാവ് ഉള്‍പ്പെടെയുള്ള വളര്‍ത്തു പക്ഷികളെയാണ് കൊല്ലുന്നത്
തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പക്ഷികളെ ഇന്നുമുതല്‍ കൊന്നുതുടങ്ങും. കോഴി, താറാവ് ഉള്‍പ്പെടെയുള്ള വളര്‍ത്തു പക്ഷികളെയാണ് കൊല്ലുന്നത്. ഭോപ്പാല്‍ എൻ.ഐ.എച്ച്.എസ്.എ.ഡി ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷൻ വാർഡിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ വളര്‍ത്തുപക്ഷികളെയാണ് കൊല്ലുന്നത്. റെയിൽവേ സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, കൃഷ്ണപുരം, അക്കരവിള , നാലുമുക്ക്, കൊട്ടാരം തുരുത്ത് എന്നീ വാർഡുകളിലാണ് നപടി. പക്ഷികളെ കൊന്ന് മുട്ട , ഇറച്ചി, കാഷ്ഠം, തീറ്റ എന്നിവ കത്തിച്ച് നശിപ്പിക്കും. ഈ പ്രദേശങ്ങളിലെ പക്ഷികളുടെ കൈമാറ്റം, കടത്ത്, വിൽപന എന്നിവയും നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. മൂന്നു മാസത്തേക്കാണ് നിരോധനം. മൃഗസംരക്ഷണ വകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീമുകളാണ് നടപടികൾ സ്വീകരിക്കുന്നത്. വളർത്തു പക്ഷികളിൽ അസ്വാഭാവികമായി കൂട്ടമരണം സംഭവിക്കുകയാണെങ്കില്‍ മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പകുതി വേവിച്ച മുട്ടയോ മാംസമോ കഴിക്കരുതെന്നും നിര്‍ദേശമുണ്ട്.