പക്ഷിപ്പനി; കോട്ടയത്തും ആലപ്പുഴയിലും ജാഗ്രത, പക്ഷികളെ ഇന്ന് കൊന്നു തുടങ്ങും
ആലപ്പുഴയിൽ ഇരുപതിനായിരവും കോട്ടയത്ത് മുപ്പത്തിഅയ്യായിരവും പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗം റിപ്പോർട്ട്ചെയ്ത മേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെ ഇന്ന് മുതൽ കൊന്നുതുടങ്ങും. മൂന്ന് ദിവസം കൊണ്ട് താറാവുകളെ കൊല്ലുന്ന ജോലികൾ തീർക്കാനാണ് തീരുമാനം.
ആലപ്പുഴ ജില്ലയിലെ നെടുമുടി, കരുവാറ്റ, കോട്ടയം ജില്ലയിലെ അയ്മനം, കല്ലറ, വെച്ചൂർ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ ഇരുപതിനായിരവും കോട്ടയത്ത് മുപ്പത്തിഅയ്യായിരവും പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. കോട്ടയത്ത് ഇതിനായി 10 ദ്രുതകർമ്മ സേനയെ നിയോഗിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ നിന്ന് താറാവിനെ കൊണ്ടുവരുന്നത് തടയാനും നിർദേശം നല്‍കി.
ആലപ്പുഴയിൽ 19 പഞ്ചായത്തുകളിലും ഹരിപ്പാട് ആലപ്പുഴ നഗരസഭകളിലും താറാവ് കോഴി, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ മുതൽ പക്ഷികളെ കൊന്നുതുടങ്ങും. പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷയും പ്രദേശങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്.