ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഹരിപ്പാട് ചത്തത് 2000ലേറെ താറാവുകൾ
ഏകദേശം 20,000 പക്ഷികളെ കൊന്നൊടുക്കേണ്ടി വരും.
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഹരിപ്പാട് താറാവുകള്‍ കൂട്ടത്തോടെ ചത്തതിനു കാരണം പക്ഷിപ്പനിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കലക്ടറേറ്റിൽ ചേർന്ന പ്രത്യേക യോഗത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനമായി.
രോഗം സ്ഥിരീകരിച്ച ഹരിപ്പാട് ഒമ്പതാം വാർഡിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കാനാണ് പ്രധാന തീരുമാനം. ഏകദേശം 20,000 പക്ഷികളെ കൊന്നൊടുക്കേണ്ടി വരും. മൃഗസംരക്ഷണ വകുപ്പ് എത്തി സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലേക്ക് അയച്ച് പരിശോധിച്ചതിൽ എച്ച് 5 എന്‍ 1 വൈറസിന്റെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ഞായറാഴ്ചയാണ് താറാവുകൾ ചത്തുതുടങ്ങിയത്. ഇതുവരെ 2000 ലധികം താറാവുകളാണ് ഹരിപ്പാട് വഴുതാനം പടശേഖരത്തിൽ രോഗംമൂലം ചത്തത്. രോഗം കണ്ടെത്തിയ മേഖലകളില്‍ ജില്ലാ ഭരണകൂടം പ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കിയിട്ടുണ്ട്.
ഈ മേഖലയിലേക്ക് പക്ഷികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. രോഗലക്ഷണങ്ങൾ ഉള്ള പക്ഷികളെ കൊന്ന് മറവു ചെയ്യുന്നതിനായി പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്.
അടുത്തദിവസം തന്നെ കൊല്ലുന്ന നടപടികൾ ആരംഭിക്കും. അതേസമയം, സംഭവത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.