'ഏകീകൃത കുർബാന നടപ്പാക്കാൻ സിനഡ് വാശിപിടിച്ചു'; വൈദികർക്ക് ബിഷപ്പ് ആന്റണി കരിയിലിന്റെ കത്ത്
സിനഡിനെ അനുസരിച്ചിരുന്നെങ്കിൽ അഡ്മിനിസ്‌ട്രേറ്റർ സ്ഥാനം ഉറപ്പാക്കാമായിരുന്നു സത്യത്തിനും നീതിക്കും വേണ്ടിയാണ് അത് ചെയ്യാതിരുന്നതെന്നും കത്തിൽ പറയുന്നു.
എറണാകുളം: ഏകീകൃത കുർബാന നടപ്പാക്കാൻ സിറോ മലബാർ സഭ സിനഡ് വാശി പിടിച്ചെന്ന് ബിഷപ്പ് ആന്റണി കരിയിൽ. സിനഡിനെ അനുസരിച്ചിരുന്നെങ്കിൽ അഡ്മിനിസ്‌ട്രേറ്റർ സ്ഥാനം ഉറപ്പാക്കാമായിരുന്നു. സത്യത്തിനും നീതിക്കും വേണ്ടിയാണ് അത് ചെയ്യാതിരുന്നതെന്നും വൈദികർക്കയച്ച തുറന്ന കത്തിൽ ആന്റണി കരിയിൽ പറയുന്നു.
''സഭ ഭൂമി വിവാദം കൊടുമ്പിരി കൊണ്ടിരുന്ന 2019ലാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രോപൊലീത്ത വികാരിയായി താൻ നിയമിതനായത്. എല്ലാവരും കൂടെ ഉണ്ടാകുമെന്ന് അന്ന് സിനഡ് ഉറപ്പ് നൽകിയിരുന്നു. അതുകൊണ്ടാണ് വലിയ ഉത്തരവാദിത്തം താൻ ഏറ്റെടുത്തത്. കഴിഞ്ഞ മൂന്ന് വർഷം അതിരൂപതയിൽ ഏറെ വെല്ലുവിളികൾ നിറഞ്ഞ കാലയളവായിരുന്നു ഭൂമി വിൽപനയിലെ നഷ്ടം നികത്തുക എന്ന പ്രധാന വെല്ലുവിളി, കുർബാന ഏകീകരണം സിനഡ് കൊണ്ടുവന്നത്. ഈ രണ്ട് വിഷയങ്ങളിലും റോമിലെത്തി അതിരൂപതയുടെ വെല്ലുവിളി അറിയിച്ചിരുന്നു.
ഒറ്റയടിക്ക് അതിരൂപതയിൽ ഏകീകൃത കുർബാന പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് സിനഡിനെ അറിയിച്ചതുമാണ്. എന്നിട്ടും സിനഡ് അത് ചെവികൊണ്ടില്ല. ചില ഇടവകകളിൽ ഏകീകൃത കുർബാന നടപ്പിലാക്കി. എന്നാൽ താൻ അനുസരണക്കേട് കാണിച്ചു എന്നാണ് സിനഡ് അതിനെ കണക്കാക്കിയത്. പ്രശ്‌നം ഉണ്ടാവാതിരിക്കാനാണ് താൻ ശ്രമിച്ചത്. ബിഷപ്പ് ''. കത്തിൽ പറയുന്നു.