സിറോ മലബാര്‍ തര്‍ക്കം: ബിഷപ്പ് ആന്‍റണി കരിയില്‍ രാജിവെച്ചു
സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് ബിഷപ്പ് വത്തിക്കാൻ സ്ഥാനപതിക്ക് കൈമാറി
കൊച്ചി: എറണാകുളം-അങ്കമാലി രൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്‍റണി കരിയില്‍ രാജിവെച്ചു. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് ബിഷപ്പ് വത്തിക്കാൻ സ്ഥാനപതിക്ക് കൈമാറി. രാജി പ്രഖ്യാപനം ആഗസ്തില്‍ ചേരുന്ന സിനഡില്‍ ഉണ്ടാകും. എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക് മാറുമെന്നാണ് സൂചന.
കത്ത് നൽകിയിട്ടും രാജി വയ്ക്കാൻ തയ്യാറാകാത്ത ബിഷപ്പിനെ നേരിൽ കാണാൻ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തിയിരുന്നു. ബിഷപ്പ് കുര്യൻ മഠത്തിക്കണ്ടത്തിലിന്‍റെ സാന്നിധ്യത്തിൽ ആയിരുന്നു വത്തിക്കാന്‍ സ്ഥാനപതിയും ബിഷപ്പ് ആന്‍റണി കിരിയിലുമായുള്ള കൂടിക്കാഴ്ച.
സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ബിഷപ്പ് ആന്‍റണി കരിയിലിന് വത്തിക്കാന്‍ നോട്ടീസ് അയച്ചത്. ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് മെത്രാപ്പൊലീത്തൻ വികാരി സ്ഥാനമൊഴിയാനാവശ്യപ്പെട്ട് അദേഹത്തിന് നോട്ടീസ് നൽകിയത്. ഭൂമിയിടപാട്, ഏകീകൃത കുർബാനയർപ്പണത്തെ ചൊല്ലിയുളള തർക്കം തുടങ്ങിയ അവസരങ്ങളിൽ കർദ്ദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ ബിഷപ് ആന്‍റണി കരിയിലിൽ പിന്തുണച്ചിരുന്നു. കുര്‍ബാന ഏകീകരണത്തെ പിന്തുണക്കില്ലെന്ന നിലപാടായിരുന്നു തുടക്കം മുതല്‍ ആന്‍റണി കരിയിലിന്‍റേത്. എറണാകുളം-അങ്കമാലി രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്നും വ്യക്തമാക്കിയിരുന്നു. പുതുക്കിയ കുര്‍ബാന നടത്താനുള്ള കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശം നടപ്പാക്കാനാകില്ല. മാര്‍പാപ്പ പൂര്‍ണമായി ഇളവ് അനുവദിച്ചതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനഡ് മെത്രാന്മാര്‍ക്ക് ബിഷപ്പ് കത്തയച്ചിരുന്നു. സിറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കൂര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിര്‍ദേശത്തോടെ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
അതേസമയം അധികാരം ഉപയോഗിച്ച് ബിഷപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റിയാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കർദ്ദിനാൾ വിരുദ്ധ അൽമായ സംഘടന മുന്നണിയിപ്പ് നൽകി. എറണാകുളം അങ്കമാലി അതിരൂപതയെ അടിച്ചമർത്തി കർദിനാൾ ആലഞ്ചേരിയെ ഭൂമി കുംഭകോണ കേസിൽ നിന്ന് രക്ഷപെടുത്താനുള്ള നീക്കമാണ് വത്തിക്കാൻ സ്ഥാനാപതി നടത്തുന്നതെന്ന വിമർശനമാണ് കർദ്ദിനാൾ വിരുദ്ധ അൽമായ സംഘടന ഉയർത്തുന്നത്.