മോഹൻ കൊങ്കണി; 20 വർഷത്തിനിടെ ആദ്യമായി ഗുജറാത്തിൽ ബി.ജെ.പിക്ക് ക്രിസ്ത്യൻ സ്ഥാനാർഥി
കോൺഗ്രസിന്റെ ശക്തികേന്ദ്രമായ വ്യാര മണ്ഡലത്തിൽ 45% വോട്ടർമാർ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവരാണ്.
ഗാന്ധിനഗർ: 20 വർഷത്തിനിടെ ആദ്യമായി ഗുജറാത്തിൽ ബി.ജെ.പിക്ക് ക്രിസ്ത്യൻ സ്ഥാനാർഥി. വ്യാര മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന മോഹൻ കൊങ്കണിയാണ് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള സ്ഥാനാർഥി. മണ്ഡലത്തിൽനിന്ന് നാല് തവണ വിജയിച്ച കോൺഗ്രസിന്റെ പുനാജി ഗാമിറ്റാണ് മോഹൻ കൊങ്കണിയുടെ എതിർസ്ഥാനാർഥി.
കോൺഗ്രസിന്റെ ശക്തികേന്ദ്രമായ വ്യാര മണ്ഡലത്തിൽ 45% വോട്ടർമാർ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവരാണ്. ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്ത 64-കാരനായ ഗാമിറ്റ് 2007 മുതൽ ഇവിടെ എം.എൽ.എയാണ്.
മോഹൻ കൊങ്കണി 1995 മുതൽ സജീവ ബി.ജെ.പി പ്രവർത്തകനാണ്. 2015ൽ താപ്തി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച കൊങ്കണി കോൺഗ്രസ് നേതാവ് മാവ്ജി ചൗധരിയെ പരാജയപ്പെടുത്തി. നിലവിൽ താപ്തി ജില്ലാ പഞ്ചായത്ത് അധ്യക്ഷനാണ്.
ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടമായാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.