എ.ഐ.സി.സി പ്രസിഡന്‍റായിരുന്ന ശങ്കരൻ നായരുടെ സ്മൃതി മണ്ഡപത്തിൽ ബി.ജെ.പി പുഷ്പാർച്ചന
സ്വന്തമായി സ്വാതന്ത്ര്യസമര സേനാനികൾ ഇല്ലാത്തതിനാലാണ് സംഘ്പരിവാർ കോൺഗ്രസ് നേതാക്കളുടെ ശവക്കല്ലറകളിൽ എത്തുന്നതെന്ന് വി.കെ ശ്രീകണ്ഠൻ എം.പി.
എ.ഐ.സി.സി പ്രസിഡന്‍റായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ കല്ലറയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി. കോൺഗ്രസുകാർ ചേറ്റൂരിനെ മറന്നതിനാലാണ് ബി.ജെ.പി അദ്ദേഹത്തെ ഓർത്തതെന്ന് സുരേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികൾ ഇല്ലാത്തതിനാലാണ് സംഘ്പരിവാർ കോൺഗ്രസ് നേതാക്കളുടെ ശവക്കല്ലറകളിൽ എത്തുന്നതെന്ന് വി.കെ ശ്രീകണ്ഠൻ എം.പി കുറ്റപെടുത്തി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഏക മലയാളിയായ പ്രസിഡന്‍റ് കൂടിയാണ് ചേറ്റൂർ ശങ്കരൻ നായർ. സ്വാതന്ത്ര്യ സമരത്തിന് നേതൃപരമായ പങ്കും ചേറ്റൂർ വഹിച്ചിരുന്നു.
പാലക്കാട് മങ്കരയില്‍ സ്ഥിതി ചെയ്യുന്ന ചേറ്റൂർ ശങ്കരൻ നായരുടെ സ്മൃതിമണ്ഡത്തിലാണ് കെ.സുരേന്ദ്രനും, ബി.ജെ.പി നേതാക്കളും പുഷ്പാർച്ചന നടത്തിയത്.
അതേസമയം പട്ടേൽ തങ്ങളുടെതാണെന്ന് വാദിക്കുന്ന ബി.ജെ.പി എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും തങ്ങളുടേതാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവായ വി.കെ ശ്രീകണ്ഠൻ എം.പി കുറ്റപെടുത്തി. റെയിൽവേ സ്ഥലം വിട്ടു നൽകാത്തതിനലാണ് ചേറ്റൂരിന്‍റെ സ്മൃതി മണ്ഡപത്തിലേക്ക് വഴി നിർമ്മിക്കാൻ കഴിയാത്തതെന്നും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി സ്ഥലം ലഭ്യമാക്കാൻ സുരേന്ദ്രൻ ശ്രമിക്കണമെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു. സ്ഥലം ലഭിച്ചാൽ എം.പി ഫണ്ട് ഉപയോഗിച്ച് പാടത്തിന് മുകളിലൂടെ പാലം നിർമ്മിക്കുമെന്നും വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു