ഭരണഘടന പരാമർശം: പി.കെ കൃഷ്ണദാസിനോട് ബി.ജെ.പി കേന്ദ്ര നേതൃത്വം വിശദീകരണം തേടി
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കൃഷ്ണദാസിനെ നേരിട്ട് വിളിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്.
ഇന്ത്യൻ ഭരണഘടനയിൽ തിരുത്തലുകൾ വേണമെന്ന പി.കെ കൃഷ്ണദാസിന്റെ പരാമർശത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം വിശദീകരണം തേടി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കൃഷ്ണദാസിനെ നേരിട്ട് വിളിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തോടും വിശദീകരണം തേടിയിട്ടുണ്ട്. ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ കൃഷ്ണദാസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
ഭരണഘടനയില്‍ പാശ്ചാത്യമായി കടന്നുകൂടിയ ചില സങ്കൽപങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. വിചാരധാര പറഞ്ഞുവെച്ചകാര്യങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭേദഗതികൾ ഇനിയും പ്രതീക്ഷിക്കാമെന്നാണ് പി.കെ കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചത്. വികലമായ മതേതര സങ്കൽപമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും ഏക സിവിൽ കോഡാണ് മതേതരത്വമെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
പോസ്റ്റ് വിവാദമായതോടെ ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് കൃഷ്ണദാസ് അവകാശപ്പെട്ടു. ഭരണഘടന ബി.ജെ.പിക്ക് വേദപുസ്തകമാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.