ബിജെപി കള്ളപ്പണക്കേസ്: കേസന്വേഷണം ഇന്ന് ഇഡി ഏറ്റെടുക്കും
പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ധര്‍മ്മരാജന്‍ കോടതിയിലും പൊലീസിലും നല്‍കിയത് വ്യത്യസ്ത മൊഴി
ബിജെപി കള്ളപ്പണക്കേസിൽ ധർമരാജന്‍റെ മൊഴികളിൽ വൈരുധ്യം. പോലീസിന് നൽകിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലുമാണ് വ്യത്യസ്ത വിവരങ്ങൾ ഉള്ളത്. ഇക്കാര്യം ചൂണ്ടി കാണിച്ച് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ധർമ്മരാജന്‍റെ കർണാടകയിലെ സുഹൃത്ത് സുധീർ സിങിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കേസിന്‍റെ അന്വേഷണം ഇന്ന് ഇഡി ഏറ്റെടുക്കും.
പണത്തിന്‍റെ ഉറവിടം സംബന്ധിച്ച കാര്യത്തിൽ നേരത്തെ നൽകിയ മൊഴിയിലും കോടതിയിൽ നൽകിയഹർജിയിലും വലിയ വൈരുധ്യമുണ്ട്. കവർച്ച ചെയ്യപ്പെട്ടത് സ്വന്തം പണമാണ് എന്നും വ്യാപാര ആവശ്യത്തിന് കാെണ്ട് പോവുകയായിരുന്നു എന്നും ധർമരാജൻ കോടതിക്ക് നൽകിയ ഹർജിയിൽ വിശദീകരിക്കുന്നു. എന്നാൽ കുഴൽ പണക്കടത്തിലെ ഇടനിലക്കാരനാണ് താനെന്നും അതിന് കമ്മീഷൻ ലഭിക്കാറുണ്ടെന്നുമാണ് പോലീസിന് നൽകിയ മാെഴി.
കോടതിയിൽ നൽകിയ ഹർജിയിൽ മൂന്ന് കോടി 25 ലക്ഷം രൂപ സ്വന്തം പണമാണെന്നും 25 ലക്ഷം രൂപ ബിസിനസ്സ് പങ്കാളിയായ സുനിൽ നായികിന്‍റേതാണെന്നുമാണെന്നാണ് ധർമ്മരാജൻ പറയുന്നത്. പണത്തിന് മറ്റ് അവകാശികൾ ഇല്ല. എന്നാൽ ഡൽഹിയിലെ മാർവാടിയിൽ നിന്നാണ് പണം ലഭിച്ചതെന്നാണ് നേരത്തെ നൽകിയ മൊഴി.
പണവും വാഹനവും തിരിച്ചു നൽകണമെന്ന ധർമ്മരാജന്‍റെ ഹർജിയ്ക്കെതിരെ മൊഴികളിലെ വൈരുധ്യങ്ങൾ ചൂണ്ടി കാട്ടി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. കുഴൽ പണ കവർച്ച കേസ് അവസാന ഘട്ടത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. . ഇഡി അന്വേഷണം ഏറ്റെടുത്താലും നിലവിലെ അന്വേഷണം തുടരും.