പാലക്കാട് ഇരട്ടക്കൊലപാതകം; സർവകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കും
വെള്ളിയാഴ്ച ഉച്ചക്ക് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് ആർഎസ്എസ് നേതാവായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
പാലക്കാട്: ഇരട്ടക്കൊലപാതകത്തെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന പാലക്കാട്ട് നാളെ ചേരുന്ന സർവകക്ഷിയോഗത്തിൽ ബിജെപി പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസുമാണ് പങ്കെടുക്കുക. സർക്കാർ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയാണെന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് സർവകക്ഷിയോഗത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിക്കണമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നാളെ വൈകീട്ട് 3.30ന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം. വെള്ളിയാഴ്ച ഉച്ചക്ക് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് ആർഎസ്എസ് നേതാവായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
അക്രമം തടയാൻ പാലക്കാട് ജില്ലയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ജില്ലയിൽ ക്യാമ്പ് ചെയ്യുകയാണ്. അക്രമസാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ ബുധനാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.