'ക്രൈസ്തവരെ വേട്ടയാടിയാണ് പി.സി ജോർജിനെ സംരക്ഷിക്കുമെന്ന് പറയുന്നത്'; ബി.ജെ.പിക്കെതിരെ മുഖ്യമന്ത്രി
'തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ മാന്യത യുഡിഎഫ് ഇല്ലാതാക്കുന്നു'
കൊച്ചി: ക്രൈസ്തവരെ വേട്ടയാടിയാണ് ബി.ജെ.പി പി.സി ജോർജിനെ സംരക്ഷിക്കുമെന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് 486 ക്രൈസ്തവ വിരുദ്ധ ആക്രമണം നടന്നു. ഇത് കേരളത്തിലുണ്ടാക്കാൻ ശ്രമിച്ചാൽ കടുത്ത നടപടി ഉണ്ടാകും. ഇതിന്റെ ടെസ്റ്റ് ഡോസാണ് പി. സി ജോർജിനെ പിന്തുണച്ചതിലൂടെ ബി ജെ പി ലക്ഷ്യം വെച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നേരായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ബിജെപിക്ക് കഴിയില്ല. വർഗീയതക്ക് വളം വെച്ചു കൊടുക്കുന്ന നിലപാടാണ് പി.സി ജോർജിന്റേതെന്നും അദ്ദേഹം പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ മാന്യത യുഡിഎഫ് ഇല്ലാതാക്കുന്നു. തോൽവി മുന്നിൽ കണ്ടുള്ള അങ്കലാപ്പാണ് യുഡിഎഫിന്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ സ്വീകാര്യത തകർക്കാൻ കള്ളക്കഥകൾ ഉണ്ടാക്കുന്നു. നെറികെട്ട പ്രചാരണ രീതിയിലേക്ക് യുഡിഎഫ് പോകുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.