സർക്കാരിന്റെ പരാജയം സാധാരണക്കാരന്റെ തലയിലേക്ക് വെയ്ക്കുന്നു: വി.ഡി സതീശന്‍

'ലക്ഷക്കണക്കിന് ജപ്തി നോട്ടീസുകളാണ് ഈ സാമ്പത്തിക വര്‍ഷാവസാനം പ്രവഹിച്ചത്. ഇത് താൽക്കാലികമായി നിർത്തിവെക്കാൻ പോലും സർക്കാർ ഇടപെട്ടില്ല'

Update: 2023-04-01 06:18 GMT
Advertising


തിരുവനന്തപുരം: പിണറായി സർക്കാർ സാധാരണക്കാരന്റെ തലയിൽ കെട്ടിവെച്ച 5000 കോടി രൂപയുടെ നികുതിഭാരം സാമ്പത്തിക വർഷാരംഭമായ ഇന്നുമുതൽ ഈടാക്കി തുടങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതുകൊണ്ട് തന്നെ യു.ഡി.എഫ് ഇന്ന് സംസ്ഥാനത്ത് കരിദിനമായി അചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

''സംസ്ഥാന സർക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണമാണ് ചരിത്രത്തിലൊരിക്കലുമില്ലാത്ത അത്രയും നികുതി ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. വൈദ്യുതി ചാർജ് കൂട്ടി, വെള്ളക്കരം കൂട്ടി, ഇന്ധന സെസ് വർദ്ധിപ്പിച്ചു, അങ്ങനെ എല്ലാ തരത്തിലും നികുതി വർദ്ധനവാണ്. ഇത് ജനജീവിതം കൂടുതൽ ദുരിതപൂർണമാക്കി മാറ്റും. നികുതി പിരിച്ചെടുക്കുന്നതിൽ ഈ സർക്കാർ പൂർണ പരാജയമായി. സർക്കാരിന്റെ പരാജയം സാധാരണക്കാരന്റെ തലയിലേക്ക് കെട്ടിവെക്കുകയാണ്. ഇന്നുമുതൽ സ്വാഭാവികമായ വിലക്കയറ്റവും ക്രിത്രിമമായ വിലക്കയറ്റവും ഇതുമൂലം ഉണ്ടാകും. ഈ സാമ്പത്തിക വർഷാവസാനം ലക്ഷക്കണക്കിന് ജപ്തി നോട്ടീസുകളാണ് പ്രവഹിച്ചത്. അത് താൽക്കാലികമായി നിർത്തിവെക്കാൻ പോലും സർക്കാർ ഇടപെട്ടില്ല. ജനങ്ങളെ ഇത്രമേൽ ദുരിതത്തിലാക്കുന്ന ഈ അവസരത്തിലാണ് സർക്കാർ അവരുടെ രണ്ടാം വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് എന്നതാണ് വിരോധാഭാസം'. വി.ഡി സതീശൻ പറഞ്ഞു.

അതേസമയം ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും മദ്യത്തിന്‍റെയും വില ഇന്ന് ഉയര്‍ന്നു. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന നികുതിയും കെട്ടിട നികുതിയും കൂടി. പുതിയതായി വാങ്ങുന്ന ഇ വാഹനങ്ങള്‍ക്കുള്ള നികുതി 20 ശതമാനത്തിൽ നിന്ന് അഞ്ചാക്കി കുറച്ചതും പ്രാബല്യത്തില്‍ വന്നു. സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിച്ചത്.

750 കോടി രൂപയാണ് സര്‍ക്കാര്‍ ഇത് വഴി ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത്. രാത്രി 12 മണി മുതല്‍ വില വര്‍ധവന് പ്രാബല്യത്തില്‍ വന്നു. മദ്യത്തിന്‍റെ വിലയും ഉയര്‍ന്നു.500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി.സെന്‍റിന് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇന്ന് മുതല്‍ 120000 രൂപ ആയി.

ആനുപാതികമായി രജിസ്ട്രേഷന്‍ ചെലവും ഉയര്‍ന്നു. ഒരു ലക്ഷമാണ് ന്യായവിലയെങ്കില്‍ രജിസ്ട്രേഷന്‍ ചിലവ് രണ്ടായിരമായി വര്‍ധിക്കും.ഫ്ലാറ്റുകളും അപ്പാര്ട്ട്മെന്‍റുകളും നിര്‍മ്മിച്ച് ആറ് മാസത്തിനകം മറ്റൊരാള്‍ക്ക് കൈമാറുമ്പോഴുള്ള മുദ്രപത്ര നിരക്ക് 5 ശതമാനം എന്നത് ഏഴായി വര്‍ധിച്ചു. കെട്ടിട നികുതിയിലും ഉപനികുതികളിലും അഞ്ച് ശതമാനമാണ് വര്‍ധനവ്.

വാഹനനികുതിയും വര്‍ധിച്ചു.2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് രണ്ട് ശതമാനം അധികനികുതി ഇനി മുതല്‍ നല്‍കണം. പുതിയതായി വാഹനം രജിസ്റ്റര്‍ ചെയ്യുന്പോള്‍ ഈടാക്കുന്ന ഒറ്റത്തവണ സെസ് വര്‍ധിച്ചു. ഇരു ചക്രവാഹനങ്ങള്‍ക്ക് 50 നിന്ന് നൂറും മുന്ന് ,നാല് ചക്രവാഹനങ്ങള്‍ക്ക് 100 ല്‍ നിന്ന് 200 രൂപയായും ഹെവി വാഹനങ്ങള്‍ 250 ല്‍ നിന്ന് 500 ആയുമായാണ് ഉയര്‍ന്നത്. ജൂഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാമ്പുകളുടെ നിരക്ക് കൂടി.

മറ്റ് കോടതി വ്യവഹാരങ്ങള്‍ക്കുള്ള കോര്‍ട്ട് ഫീസില്‍ ഒരു ശതമാനം വര്‍ധനവ്. വാണിജ്യ,വ്യവസായ യൂണിറ്റുകള്‍ക്ക് ബാധകമായ വൈദ്യുതി തീരുവ അഞ്ച് ശതമാനമായി വര്‍ധിക്കും. ചില മേഖലകളില്‍ പ്രഖ്യാപിച്ച ഇളവുകളും പ്രാബല്യത്തിലായി.വില്‍പന നടന്ന ഭൂമി മൂന്ന് മാസത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ ഇരട്ടി സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കി. 30 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള വീട്ടില്‍ താമസിക്കുന്ന ബിപിഎല്‍ കുടുംബത്തിന് കെട്ടിട നികുതിയില്ല.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News