17 ആമത് ബഷീർ പുരസ്‌കാരം പിഎൻ ഗോപീകൃഷ്ണന്

'കവിത മാംസഭോജിയാണ്’ എന്ന സമാഹാരത്തിനാണ് പുരസ്‌കാരം

Update: 2025-01-08 11:01 GMT
Editor : സനു ഹദീബ | By : Web Desk

പിഎൻ ഗോപീകൃഷ്ണൻ

Advertising

കോട്ടയം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 17 ആമത് ബഷീർ പുരസ്‌കാരം പിഎൻ ഗോപീകൃഷ്ണന്. ഗോപീകൃഷ്ണന്റെ ‘കവിത മാംസഭോജിയാണ്’ എന്ന സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 50000 രൂപയും പ്രശസ്തിപത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്.

ഭാഷാപോഷിണി മുന്‍ ചീഫ് എഡിറ്ററും എഴുത്തുകാരനുമായ കെ.സി. നാരായണന്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ ഡോ. എന്‍. അജയകുമാര്‍, ഡോ. കെ. രാധാകൃഷ്ണവാര്യര്‍ എന്നിവരങ്ങിയതായിരുന്നു ജഡ്ജിങ് കമ്മിറ്റി. ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.കെ. ഹരികുമാറിന്റെ നേതൃത്വത്തിൽ കമ്മിറ്റി ചേർന്ന യോഗത്തിലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ബഷീറിന്റെ ജന്മദിനമായ ജനുവരി 21 നാണ് പുരസ്‌കാര ദാനം.

നൈതികമായ ജാഗ്രതയും കവിതയുടെ സൂക്ഷ്മതയും ഒത്തുചേരുന്ന രചനകളാണ്‘കവിത മാംസഭോജിയാണ്’ എന്ന സമാഹാരത്തിലുള്ളതെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. നിലവിലെ ജീവിത അവസ്ഥകളിലേക്ക് നേരേ നോക്കാന്‍ നിര്‍ബന്ധിക്കുന്ന ഈ കവിതകള്‍ സമകാലികമലയാള കവിതയുടെ വിശിഷ്ടസ്വരങ്ങളിലൊന്നാണ് ഇതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർഥം നൽകുന്ന പുരസ്‌കാരമാണ് ബഷീർ സാഹിത്യ പുരസ്കാരം. തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം. മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലെ ഏറ്റവും മികച്ച കൃതിക്കാണ് പുരസ്‌കാരം നൽകുക.

നേരത്തെ പ്രഭാകരന്‍, റഫീക്ക് അഹമ്മദ്, സാറാ ജോസഫ്,ബി. രാജീവന്‍, എന്‍.എസ്. മാധവന്‍, ആറ്റൂര്‍ രവിവര്‍മ്മ, സുഭാഷ് ചന്ദ്രന്‍,കല്പറ്റ നാരായണന്‍, അഷിത, സെബാസ്റ്റ്യന്‍, വി.ജെ. ജെയിംസ്,ടി. പത്മനാഭന്‍, പ്രൊഫ. എം.കെ.സാനു, കെ. സച്ചിദാനന്ദന്‍,എം. മുകന്ദന്‍, ഇ. സന്തോഷ്‌കുമാര്‍ എന്നിവർക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News