ഇടുക്കി കലയന്താനിയിലെ കാറ്ററിങ് ഗോഡൗണിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു
തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെതെന്ന് സംശയം


ഇടുക്കി: ഇടുക്കിയിൽ കാറ്ററിങ് ഗോഡൗണിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം.കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഗോഡൗണിലെ വേസ്റ്റ് കഴി പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
വ്യാഴാഴ്ച പുലർച്ചെ മുതൽ ബിജുവിനെ കാണാനില്ലെന്ന കുടുംബാംഗങ്ങളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നതായും ജോമോൻ ക്വട്ടേഷൻ സഹായം തേടിയെന്ന വിവരങ്ങളും പോലീസിന് ലഭിച്ചു. തുടർന്ന് ജോമോനെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ബിജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നും മരിച്ചതോടെ മൃതദേഹം കലയന്താനിയിലെ ക്യാറ്ററിംഗ് ഗോഡൗണിൽ മറവ് ചെയ്തെന്നുമായിരുന്നു മൊഴി. പോലീസിൻ്റെ തുടരന്വേഷണത്തിൽ മൃതദേഹം ഗോഡൗണിലെ മാലിന്യടാങ്കിൽ നിന്ന് കണ്ടെത്തി.
കേസിൽ നാല് പ്രതികളാണ് ഉള്ളതെന്ന് ഇടുക്കി എസ്പി ടി.കെ. വിഷ്ണുപ്രദീപ് പറഞ്ഞു. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്ന ജോമോൻ ആണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. മുഹമ്മദ് അസ്ലം, ബിബിൻ എന്നിവർ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റൊരു പ്രതിയായ ആഷിക് കാപ്പ കേസിൽ എറണാകുളത്ത് റിമാൻഡിലാണ്. ജോമോനും ബിജുവും തമ്മിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം മാത്യു കെ.ജോൺ മീഡിയ വണ്ണിനോട് പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.