നോവായി ജോയി; കണ്ണീരോടെ വിട നൽകി നാട്; അന്തിയുറക്കം ഒറ്റമുറി വീടിന്റെ മുറ്റത്ത്

വീട്ടിൽ സൗകര്യമില്ലാത്തതിനാൽ സഹോദരന്റെ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വച്ചത്.

Update: 2024-07-15 12:36 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കൽ ജോലിക്കിടെ ഒഴുക്കിൽപ്പെട്ട് മരിച്ച മാരായമുട്ടം വടകര സ്വദേശി ജോയി (55)യുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ഒറ്റമുറി വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ശനിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ട ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

വീട്ടിൽ സൗകര്യമില്ലാത്തതിനാൽ സഹോദരന്റെ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വച്ചത്. ജോയിയെ അവസാനമായി ഒരുനോക്കു കാണാനും അന്തിമോപചാരം അർപ്പിക്കാനും നാടൊന്നാകെ ഒഴുകിയെത്തി. തോടും പുഴകളുമൊക്കെയായി ആത്മബന്ധമുണ്ടായിരുന്ന ജോയിയുടെ ജീവൻ ആമയിഴഞ്ചാൻ തോട്ടിൽ പൊലിഞ്ഞതിൽ മാലിന്യനിർമാർജനത്തിലെ പരാജയം തന്നെയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് നാട്.

നാടിന് പ്രിയപ്പെട്ടവനും പ്രായമായ അമ്മയുടെ ഏക ആശ്രയവുമായിരുന്ന ജോയിയുടെ അപകട മരണം നാടിനൊന്നാകെ കടുത്ത നോവായി. കണ്ണീരോടെയാണ് നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ ജോയിയുടെ മൃതദേഹം കാണാനെത്തിയത്. വഴിയില്ലാത്തതിനാൽ സമീപത്തെ സിഎസ്‌ഐ പള്ളിയുടെ ഭൂമിയിലെ കാടുവെട്ടിത്തെളിച്ചാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പൊതുദർശനത്തിന് ആളുകളെത്തിയതും ഇതുവഴിയാണ്.

വീട്ടിലെ അടുപ്പ് പുകയാൻ എന്ത് പണിയെടുക്കാനും തയാറായിരുന്ന ജോയി 1500 രൂപയ്ക്ക് വേണ്ടിയാണ് മാലിന്യക്കടലായ ആമയിഴഞ്ചാൻ തോട്ടിൽ ഇറങ്ങിയത്. ശനിയാഴ്ച രാവിലെ ജോലിക്കായി അമ്മയോട് യാത്ര പറഞ്ഞിറങ്ങിയ ജോയിയുടെ പോക്ക് ഒരിക്കലും ജീവനോടെ തിരിച്ചുവരാത്ത യാത്രയാവുകയായിരുന്നു.

46 മണിക്കൂറിന് ശേഷം ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം എത്രയും വേഗം സംസ്‌കരിക്കേണ്ട സാഹചര്യമായിരുന്നു. അതിനാൽ തന്നെ അധികനേരം പൊതുദർശനത്തിന് വയ്ക്കുന്നതും പ്രായോഗികമായിരുന്നില്ല. തുടർന്ന് ജോയിയുടെ ആഗ്രഹപ്രകാരം വീട്ടുവളപ്പിൽ തന്നെ സംസ്‌കരിക്കുകയായിരുന്നു. ജോയിക്ക് അന്തിമോപചാരം അർപ്പിക്കാൻ സി.കെ ഹരീന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവരെത്തിയിരുന്നു.

ആമയിഴഞ്ചാൻ തോടിന്റെ തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്ത് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജോയി ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ടിടത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയായി തകരപ്പറമ്പിലെ കനാലിൽ ഉപ്പിടാംമൂട് ഇരുമ്പുപാലത്തിന് സമീപത്തുനിന്നാണ് ഇന്നു രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.

കനാൽ വൃത്തിയാക്കാൻ എത്തിയ ആരോഗ്യ വിഭാഗത്തിലെ താത്കാലിക ഉദ്യോഗസ്ഥരാണ് മൃതദേഹം ആദ്യം കണ്ടത്. ജീർണിച്ച നിലയിൽ ആയിരുന്നതിനാൽ ആദ്യം മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ച മൃതദേഹം ജോയിയുടെ സഹോദരന്റെ മകനും ഒപ്പം ജോലി ചെയ്തിരുന്ന ശുചീകരണത്തൊഴിലാളികളും പഞ്ചായത്ത് അംഗവും എത്തി തിരിച്ചറിഞ്ഞു. ഒടുവിൽ മേയറും സ്ഥിരീകരിച്ചു.

നാവികസേനയടക്കം എത്തി തെരച്ചിൽ നടത്തുന്നതിനിടെയാണ് കാണാതായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്. തോട്ടിൽ ആൾപ്പൊക്കത്തേക്കാൾ ഉയരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി.

തോട് ശുചീകരണത്തിനായി റെയിൽവേ കരാറുകാരെ ഏർപ്പെടുത്തുകയായിരുന്നു. കരാറെടുത്തയാളുടെ തൊഴിലാളിയായിരുന്നു ജോയി. ശനിയാഴ്ച രാവിലെയോടെ തമ്പാനൂർ പവർഹൗസ് ഭാഗത്തെ തോട്ടിലെ മാലിന്യം നീക്കിയശേഷം ഇന്ത്യൻ കോഫി ഹൗസിന് എതിർഭാഗത്തേക്ക് ശുചീകരണത്തിന് എത്തിയതായിരുന്നു ജോയി. മറ്റ് രണ്ടു അതിഥി തൊഴിലാളികളും ഒപ്പമുണ്ടായിരുന്നെങ്കിലും അപകടസമയത്ത് ജോയി മാത്രമായിരുന്നു തോട്ടിലെ ടണലിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്.

മാലിന്യം നീക്കം ചെയ്യുന്നതിനിടെ മഴ ശക്തമായി. വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോൾ സൈറ്റ് സൂപ്പർവൈസർ അമരവിള സ്വദേശി കുമാർ, ജോയിയോട് തിരികെ കയറാൻ നിർദേശിച്ചു. ടണലിൽ കല്ലിൽക്കയറി നിൽക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. ഉടൻ തന്നെ സൂപ്പർവൈസർ കയറിട്ടു നൽകിയെങ്കിലും ജോയിക്ക് രക്ഷപെടാനായില്ല.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News