തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അമൃത പെൺകുഞ്ഞിനെ പ്രസവിക്കുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ. നേപ്പാൾ സ്വദേശി അമൃതയാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. യുവതി രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അമൃത പെൺകുഞ്ഞിനെ പ്രസവിക്കുന്നത്. കുഞ്ഞിന് പൂർണ വളർച്ച എത്താത്തതിനാൽ മൃതദേഹം പറമ്പിൽ കുഴിച്ചിടുകയായിരുന്നു. പോത്തൻകോട് വാവറയമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് അമൃത എസ്എടി ആശുപത്രിയിൽ ചികിത്സ തേടുകയും ആശുപത്രി അധികൃതർ വിവരം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നൽകാൻ തയാറാവാതിരുന്നതോടെ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ കുഴിച്ചിട്ട വിവരം പറഞ്ഞത്.
തുടർന്ന് പുറത്തെടുത്ത കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജനിക്കുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നോ അതോ ജനിച്ചതിനു ശേഷം മരിക്കുകയായിരുന്നോ എന്ന കാര്യം വ്യക്തമല്ല.