'കൊലയ്ക്കുശേഷം കാലു മടക്കി കവറിൽ പൊതിഞ്ഞു'; മാലിന്യക്കുഴിയിൽനിന്ന് സുജിതയുടെ മൃതദേഹം പുറത്തെടുത്തു

മൃതദേഹം സഹോദരനും ബന്ധുക്കളും തിരിച്ചറിഞ്ഞു

Update: 2023-08-22 08:46 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: തുവ്വൂരിൽ കൊല്ലപ്പെട്ട സുജിതയുടെ മൃതദേഹം പുറത്തെടുത്തു. പ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽനിന്നാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തേക്കെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം സുജിതയുടേതു തന്നെയാണെന്നു ബന്ധുക്കളും വീട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. സഹോദരനും മറ്റു ബന്ധുക്കളുമാണു സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. കാലു മടക്കി പ്ലാസ്റ്റിക് കവറിൽ മൂടി പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്നു നാട്ടുകാർ പറഞ്ഞു. ഇൻക്വസ്റ്റ് നടപടിക്കുശേഷം മഞ്ചേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയ ശേഷം പോസ്റ്റുമോർട്ടം ചെയ്യും.

കൊലപാതകത്തിൽ മുഖ്യപ്രതി വിഷ്ണു ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണു പൊലീസിന്റെ പിടിയിലായത്.

ആഗസ്റ്റ് 11നാണ് തുവ്വൂർ കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരിയായ സുജിതയെ(35) കാണാതായത്. കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. പ്രതി ജിഷ്ണു നേരത്തെ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. ഐ.എസ്.ആർ.ഒയിൽ ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവച്ചത്.

'പണമിടപാടിനെച്ചൊല്ലി തര്‍ക്കം; കൊലയ്ക്കുശേഷം മണ്ണിട്ടുമൂടി'

വിഷ്ണുവും സുജിതയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സുജിത ജിഷ്ണുവിനു പണം നൽകിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവർ തമ്മിൽ തർക്കവുമുണ്ടായിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ വിറ്റതായാണു വിവരം.

കാണാതായ ദിവസം തന്നെ സുജിതയെ കൊലപ്പെടുത്തിയെന്നാണു പ്രതികൾ പൊലീസിനു നൽകിയ മൊഴി. കൊലയ്ക്കുശേഷം ജിഷ്ണുവിന്റെ വീട്ടിലെ മാലിന്യക്കുഴിയിൽ മൃതദേഹം തള്ളി. ഇതിനുമുകളിൽ മണ്ണും മെറ്റലും എംസാൻഡും ഉപേക്ഷിക്കുകയും ചെയ്തു. ഇത് അലക്കുകല്ല് നിർമിക്കാൻ കൊണ്ടുവന്നതാണെന്നാണ് നേരത്തെ ചോദ്യംചെയ്തപ്പോൾ പ്രതികൾ പൊലീസിനോട് പറഞ്ഞത്.

എന്നാൽ, സംശയം തോന്നി പൊലീസ് എംസാൻഡും മെറ്റലും നീക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണു മൃതദേഹം കാണുന്നത്. ഇതിൽനിന്നു ദുർഗന്ധം വമിച്ചതോടെ നീക്കം നിർത്തിവച്ചു. ഇന്ന് ഫോറൻസിക് സംഘമെത്തി തുടർനടപടികൾ നടത്താനാണു തീരുമാനം.

Full View

സുജിതയുടെ ഫോണിൽ അവസാനമായി വിളിച്ചത് വിഷ്ണുവിനെയായിരുന്നു. ഇതിൽനിന്നാണ് അന്വേഷണം ഇയാളിലെത്തിയത്. എന്നാൽ, ചോദ്യംചെയ്തപ്പോൾ 10,000 രൂപ ആവശ്യപ്പെട്ട് സുജിത വിളിച്ചിരുന്നുവെന്നും ഇതിനു വേണ്ടിയായിരുന്നു കോളെന്നുമാണ് ആദ്യം പറഞ്ഞത്. തുടർന്ന് ഇരുവരുടെയും അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ സുജിതയുടെ അക്കൗണ്ടിൽ 40,000 രൂപ കണ്ടെത്തി. വിഷ്ണുവിന്റെ അക്കൗണ്ടിൽ കാര്യമായ പണവുമുണ്ടായിരുന്നില്ല. ഇതിനിടെ ഇയാളുടെ സഹോദരനെ ചോദ്യംചെയ്തതിൽനിന്നാണു കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

Summary: The body of Sujitha, who was killed in Tuvvur, Malappuram, was pulled out from the garbage pit

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News