കണ്ണൂർ തോട്ടടയിലെ ബോംബേറ്; പ്രധാന പ്രതി കീഴടങ്ങി

പ്രധാന പ്രതി മിഥുനാണ് കീഴടങ്ങിയത്. കൃത്യത്തിൽ മിഥുന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു

Update: 2022-02-15 11:41 GMT
Advertising

കണ്ണൂർ തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതി മിഥുൻ കീഴടങ്ങി.എടക്കാട് സ്റ്റേഷനിലാണ് പ്രതി ഹാജറായത്. കൃത്യത്തിൽ മിഥുന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിഥുനും അറസ്റ്റിലായ അക്ഷയും ചേർന്നാണ് മേലേ ചൊവ്വയിലെ പടക്ക നിർമാണ ശാലയിൽ നിന്ന് പടക്കം വാങ്ങുകയും ബോംബ് നിർമിക്കുകയും ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബോംബുമായെത്തി കല്യാണ പാർട്ടിക്ക് നേരെ എറിയുകയായിരുന്നു.

മുന്ന് ബോംബുകളാണ് ഇവരുടെ കയ്യിൽ ഉണ്ടായിരുന്നത്. ആദ്യം ബോംബെറിഞ്ഞത് മിഥുനാണ്. ഈ ബോംബേറിൽ ആർക്കും കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല. രണ്ടാമത് അക്ഷയ് എറിഞ്ഞ ബോംബാണ് സംഘാങ്ങളുടെ കയ്യിൽ തട്ടി ജിഷ്ണുവിന്റെ തലയിൽ പതിച്ചത്. മറ്റൊരു ബോംബ് ജിഷ്ണുവിന്റെ കയ്യിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആ ബോംബ് പൊട്ടാതെ തന്നെ സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. പൊട്ടാത്ത  ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കിയിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. എച്ചൂർ പാതിരിക്കാട് സ്വദേശിയായ സി.എം ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. തോട്ടടയിലെ കല്യാണത്തിൽ പങ്കെടുക്കാൻ കൂട്ടുകാർക്കൊപ്പം എത്തിയതായിരുന്നു ജിഷ്ണു. കല്യാണം കഴിഞ്ഞ് വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴുന്ന ആഹ്ലാദപ്രകടനത്തിനിടെ എറിഞ്ഞ ബോംബ് ലക്ഷ്യം തെറ്റിയാണ് ജിഷ്ണുവിന്റെ തലയിൽ കൊണ്ടത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News