ബ്രഹ്മപുരം ബയോമൈനിങ്: സോണ്ടയുടെ കരാർ റദ്ദാക്കും
വ്യവസ്ഥകൾ ലംഘിച്ചതിനാലാണ് സോണ്ടയെ ഒഴിവാക്കിയതെന്ന് കൊച്ചി മേയര്‍
കൊച്ചി: ബ്രഹ്മപുരത്ത് ബയോമൈനിങ് കരാറിൽ നിന്ന് സോണ്ടയെ ഒഴിവാക്കാന്‍ കൊച്ചി കോർപറേഷൻ കൗൺസിൽ തീരുമാനം. സോണ്ടയെ ബ്ലാക് ലിസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ബി.പി.സി.എൽ മുന്നോട്ട് വെച്ച പ്ലാന്റുമായി മുന്നോട്ട് പോകുമെന്നും കൊച്ചി മേയർ എം. അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
'വ്യവസ്ഥകൾ ലംഘിച്ചതിനാലാണ് സോണ്ടയെ ഒഴിവാക്കിയത്.പല വ്യവസ്ഥകളും സോണ്ട ലംഘിച്ചു. പല വീഴ്ചകളിലും നോട്ടീസ് കൊടുത്തിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സോണ്ടക്ക് നോട്ടീസ് നൽകിയത്.'ഒരു കമ്പനിയോടും വിദ്വേഷം ഇല്ലെന്നും മേയർ പറഞ്ഞു.
'30 ശതമാനത്തോളം മാലിന്യം സോണ്ട മാറ്റിയിട്ടുണ്ട്. സോണ്ടക്ക് വേണ്ടി രാഷ്ട്രീയപരമായോ വ്യക്തിപരമായോ ഒരിടപെടലും ഉണ്ടായിട്ടില്ല. തനിക്കെതിരെ പലതരം ആരോപണങ്ങൾ ഉയർന്നിരുന്നു. എടുത്ത എല്ലാ തീരുമാനങ്ങളും കൗൺസിലിനെ അറിയിച്ചിട്ടുണ്ട്'..അനിൽ കുമാർ പറഞ്ഞു.
ബ്രഹ്മപുരത്തേക്ക് ജൂൺ ഒന്ന് മുതൽ കോർപറേഷൻ മാലിന്യം കൊണ്ടുപോകാനാകില്ലെന്നും മേയര്‍ പറഞ്ഞു. ഏൽപ്പിക്കപ്പെട്ട ഏജൻസികൾ മാലിന്യം കൊണ്ടു പോകും. മൂന്ന് കമ്പനികളാണ് ലിസ്റ്റിലുള്ളത്. ഇവരുമായി ഉടന്‍ കരാറിലേർപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.