തിരൂരങ്ങാടിയിൽ ബൈക്ക് യാത്രക്കാരുടെ മേല്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു

യാത്രക്കാര്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു

Update: 2023-07-25 04:36 GMT
Advertising

മലപ്പുറം: തിരൂരങ്ങാടിയിൽ ബൈക്ക് യാത്രക്കാരുടെ മേൽ മരക്കൊമ്പ് പൊട്ടിവീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ കൊളപ്പുറത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

യാത്രക്കാര്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. എന്നാല്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

കേരളത്തില്‍ പരക്കെ മഴ തുടരുകയാണ്. 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ജൂലൈ 26നും 27നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും. വ്യാഴാഴ്ച വരെ സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. ജൂലൈ 26ഓടെ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

കനത്ത മഴക്കിടെ എറണാകുളം ചങ്ങമ്പുഴ പാർക്കിന് സമീപം മരം കടപുഴകി വീണു. വൈദ്യുതി ലൈനിലേക്കാണ് മരം വീണത്. കോഴിക്കോട് ജില്ലയില്‍ 36 വീടുകള്‍‌ ഭാഗികമായി തകര്‍ന്നു. ബാലുശ്ശേരി കോട്ടനടപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താനായിട്ടില്ല.

കേരള കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ജൂലൈ 28 വരെ കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

Full View


Full View


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News