ജഡ്ജിമാരുടെ പേരിൽ കോഴ: അന്തിമ റിപ്പോർട്ട് രണ്ട് മാസത്തിനകം പരിഗണിക്കണമെന്ന് ഹൈക്കോടതി
വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ചില രേഖകൾ ഇല്ലാത്തതിനാൽ റിപ്പോർട്ട് കോടതി മടക്കിയിരുന്നു.
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അന്തിമ റിപ്പോർട്ട് രണ്ട് മാസത്തിനകം പരിഗണിക്കാൻ വിജിലൻസ് കോടതിക്ക് ഹൈക്കോടതിയുടെ നിർദേശം. രേഖകൾ ആവശ്യപ്പെട്ട് പരാതിക്കാരൻ സമർപ്പിച്ച അപേക്ഷയിൽ തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു.
കേസിന്റെ കുറ്റപത്രം സമർപ്പിച്ചതിനാൽ തുടർനടപടി ഇല്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി എഫ്.ഐ.ആർ റദ്ദാക്കണമെന്ന അഡ്വക്കേറ്റ് സൈബി ജോസിന്റെ ഹരജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു. കേസിൽ അഡ്വക്കേറ്റ് സൈബി ജോസിനെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ചില രേഖകൾ ഇല്ലാത്തതിനാൽ റിപ്പോർട്ട് കോടതി മടക്കിയിരുന്നു. ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങി എന്ന കേസിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്. തന്നെ തകർക്കാൻ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അഡ്വക്കേറ്റ് സൈബി ജോസ് മീഡിയവണിനോട് പറഞ്ഞു.
ഹൈക്കോടതിയിലുള്ള മൂന്നു ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്നായിരുന്നു അഡ്വക്കറ്റ് സൈബി ജോസ് കിടങ്ങൂരിന് എതിരായ പരാതി. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്. പത്ത് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് സൈബിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചത്.
തനിക്കെതിരെ വലിയ ഗൂഢാലോചന ഉണ്ടായിരുന്നതായും തന്നെ തകർക്കാൻ ഒരു കൂട്ടർ പ്രവർത്തിച്ചിരുന്നതായും അഡ്വക്കേറ്റ് സൈബി പറയുന്നു. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന സൈബി കേസ് വന്നതിനുപിന്നാലെ സ്ഥാനം രാജി വെച്ചിരുന്നു.