തെരഞ്ഞെടുപ്പ് ഫണ്ട്ക്രമക്കേട്: വയനാട് ബിജെപിയിൽ പൊട്ടിത്തെറി
കൽപറ്റ, സുൽത്താൻ ബത്തേരി, പുൽപ്പള്ളി എന്നിവിടങ്ങളിലെ യുവമോർച്ച നേതാക്കൾ രാജിവച്ചു. രാജിസന്നദ്ധത അറിയിച്ച് അഞ്ച് പഞ്ചായത്ത് കമ്മറ്റികളും
തെരെഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിലെ തർക്കത്തെ തുടർന്ന് വയനാട് ബിജെപിയിൽ പൊട്ടിത്തെറി. കൽപറ്റ, സുൽത്താൻ ബത്തേരി, പുൽപ്പള്ളി എന്നിവിടങ്ങളിലെ യുവമോർച്ച നേതാക്കൾ രാജിവച്ചു.
സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി യുവമോർച്ച ജില്ലാ പ്രസിഡന്റിനെയും ബത്തേരി മണ്ഡലം പ്രസിഡന്റിനെയും പുറത്താക്കിയതിന് പിന്നാലെയാണ് നേതാക്കളുടെ കൂട്ടരാജി. ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി പാർട്ടി ജില്ലാ കമ്മറ്റിയിൽ നേരത്തെ തന്നെ തർക്കങ്ങൾ രൂക്ഷമായിരുന്നു.
ഇതിനിടെയാണ് പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട ജില്ലാ അധ്യക്ഷൻ ദീപുവിനെയും മണ്ഡലം പ്രസിഡന്റ് ലിലിൽ കുമാറിനെയും പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് പ്രവർത്തകരുടെ കൂട്ടരാജി തുടങ്ങിയത്. ബത്തേരി, കൽപറ്റ മണ്ഡലം കമ്മറ്റികൾക്ക് പിന്നാലെ അഞ്ച് പഞ്ചായത്ത് കമ്മറ്റികളും രാജിക്കൊരുങ്ങിയിട്ടുണ്ട്. ബത്തേരിയിൽ മാത്രം 270 പ്രവർത്തകർ രാജിവച്ചതായി ദീപു അനുകൂലികൾ പറയുന്നു.
പ്രസീദ അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയിൽ ജാനുവിന് പണം കൈമാറിയതായി പറയുന്ന നേതാവാണ് ബിജെപി ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയൽ. സുൽത്താൻ ബത്തേരി കോഴയാരോപണവുമായി നടപടിക്ക് ബന്ധമില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.