യു.കെയില്‍ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് 13 ലക്ഷം തട്ടി; സഹോദരങ്ങള്‍ അറസ്റ്റിൽ

യു.കെയില്‍ സീനിയർ കെയർ നഴ്സ് ആയി ജോലി തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ച് യുവതിയില്‍നിന്ന് 13.60 ലക്ഷമാണു പ്രതികള്‍ തട്ടിയത്

Update: 2023-08-28 14:21 GMT
Editor : Shaheer | By : Web Desk
Advertising

കോട്ടയം: വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 13 ലക്ഷം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട് തിരുവള്ളൂർ സ്വദേശി പ്രവീൺ പി.വി (37), സഹോദരന്‍ പ്രവീഷ് പി.വി (31) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ഞിക്കുഴി ദേവലോകം സ്വദേശിനിയായ യുവതിയിൽനിന്ന് 13,60,000 രൂപ തട്ടിയെന്ന പരാതിയിലാണു നടപടി. 

2022ലാണ് യുവതിയിൽനിന്നു പ്രതികളുടെ ചെന്നൈയിലുള്ള കൺസൾട്ടൻസി സ്ഥാപനം മുഖേന തട്ടിപ്പ് നടത്തിയത്. യു.കെയിൽ സീനിയർ കെയർ നഴ്സ് ആയി ജോലി തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ വാങ്ങി. ഇതിനുശേഷം ഇവർ യുവതിക്ക് ഒറിജിനലെന്ന പേരില്‍ വ്യാജ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. എന്നാല്‍, ജോലി ലഭിക്കാതായതോടെ യുവതി പണം തിരികെചോദിച്ചു.

എന്നാല്‍, ഇരുവരും പണം തിരിച്ചുനല്‍കാന്‍ തയാറായില്ല. ഇതോടെയാണ് ഇവര്‍ കോട്ടയം ഈസ്റ്റ്‌ പൊലീസില്‍ പരാതി നല്കിയത്. പരാതിയില്‍ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണു പ്രതികളെ പിടികൂടിയത്. വൈക്കം പൊലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷിജു പി.എസ്, എസ്.ഐമാരായ അരുൺകുമാർ പി.എസ്, സജി ലൂക്കോസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Summary: Brothers arrested in a case of extorting 13 lakhs from a young woman by offering her a job as a nurse abroad

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News