ബഫർസോൺ: കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്-മുഖ്യമന്ത്രി
പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ഇതിനായി വാർഡ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം നടക്കുന്നുണ്ട്. കുറ്റമറ്റ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂർ: ബഫർസോൺ ഉപഗ്രഹ റിപ്പോർട്ടിൽ എല്ലാ കാര്യങ്ങളും ഉൾപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപഗ്രഹ സർവേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശ്യം മാത്രം. എന്നാൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നില്ലെന്ന് സർക്കാരിന് തന്നെ ബോധ്യപ്പെട്ടു. ഇതൊരു അന്തിമരേഖയല്ല. കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്. കേന്ദ്ര സർക്കാരിന് ആവുന്നത് അവരും ചെയ്യണം. അതിന്റെ ഭാഗമായ നടപടികൾ നടന്നു വരികയാണ്. ഓരേ പ്രദേശത്തെയും പ്രത്യേകത മനസിലാക്കാൻ വിദഗ്ധ സമിതിയെ വെച്ചു. അതിന്റെ തലപ്പത്ത് ആർക്കും പരാതിയില്ലാത്ത ജസ്റ്റിസ് തോട്ടത്തിലിനെയാണ് വെച്ചത്. നേരത്തെ ഒഴിഞ്ഞു പോയ കാര്യങ്ങൾ പൂർണമായി കണ്ടെത്തും. പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ഇതിനായി വാർഡ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം നടക്കുന്നുണ്ട്. കുറ്റമറ്റ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചില പ്രത്യേക നീക്കങ്ങളുടെ ഭാഗമായി ചില കാര്യങ്ങൾ നടക്കുന്നതിന് പിന്നിൽ വ്യക്തമായ ഉദ്ദേശമുണ്ട്. അവരുടെ ഉദ്ദേശ്യമനുസരിച്ചല്ല സർക്കാർ നീങ്ങുന്നത്. ജനങ്ങളുടെ താൽപര്യമനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.