ഉപതെരഞ്ഞെടുപ്പ്; പ്രചാരണത്തിൽ മുന്നിട്ട് നിന്ന് യുഡിഎഫ്
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും
കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒപ്പം പ്രചരണത്തിലും യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. ഇന്ന് മണ്ഡലത്തിൽ എത്തുന്ന സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കും. മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന കോൺഗ്രസിന്റെ നേതൃയോഗവും ജില്ലയിൽ നടക്കും.
വൈകിട്ട് നാലുമണിയോടെയാണ് UDF സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിലെത്തുക. രാഹുലിന് വലിയ സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ. സ്ഥാനാർത്ഥിയുടെ റോഡ് ഷോയും നടക്കുന്നതോടെ യുഡിഎഫിൻ്റെ ഔദ്യോഗിക പ്രചരണ പരിപാടികൾക്കും തുടക്കമാകും. ഇതോടെ പ്രചരണത്തിൽ യുഡിഎഫ് മുന്നിലെത്തും.
കോൺഗ്രസിന്റെ നേതൃയോഗവും ഇന്ന് ജില്ലയിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ യോഗത്തിൽ പങ്കെടുക്കും. അതിനിടെ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ പൊട്ടിത്തെറിച്ച ഡോക്ടർ പി സരിൻ ഇന്ന് 11:30ന് വീണ്ടും മാധ്യമങ്ങളെ കാണും. അതേസമയം, ബിജെപി സ്ഥാനാർത്ഥിയായി സി കൃഷ്ണകുമാർ തന്നെ എത്തും എന്നാണ് വിവരം. സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നാൽ കൃഷ്ണകുമാറും മണ്ഡലത്തിൽ സജീവമാകും.
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും. രാഹുലിന് കോൺഗ്രസ് പ്രവർത്തകർ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒൻപതു മണിയോടെ കല്ലറയിൽ എത്തിയ ശേഷം രാഹുൽ പാലക്കാടിന് തിരിക്കും. രാഹുൽ പുതുപ്പള്ളി സന്ദർശിക്കുന്നതിൽ എതിർപ്പ് അറിയിച്ച ചാണ്ടി ഉമ്മൻ ഡൽഹിയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി പരിപാടിയിൽ പങ്കെടുക്കില്ല. ചാണ്ടിയുടെ എതിർപ്പ് വിവാദമായതോടെ പ്രചരിക്കുന വാർത്തകൾ തെറ്റാണെന്നും എല്ലാവരും രാഹുലിനെ സ്വീകരിക്കാൻ എത്തണമെന്നും ആവശ്യപ്പെട്ടു ഓഡിയോ സന്ദേശം ചാണ്ടി ഉമ്മൻ പുറത്തുവിട്ടിരുന്നു.