കെ സുരേന്ദ്രന്‍ - സി കെ ജാനു കോഴവിവാദം: സി കെ ശശീന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തി
ജാനുവിൽ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് സംഘം ചോദിച്ചറിഞ്ഞത്.
കെ സുരേന്ദ്രന്‍ - സി കെ ജാനു കോഴവിവാദത്തിൽ സി കെ ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി. ശശീന്ദ്രന്‍റെ കൽപറ്റയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ജാനുവിൽ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് സംഘം ചോദിച്ചറിഞ്ഞത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജെആർപി നേതാവ് സി കെ ജാനുവും ഉൾപ്പെട്ട കൈക്കൂലിക്കേസിലാണ് അന്വേഷണ സംഘം സിപിഎം മുൻ എംഎൽഎ സി.കെ ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്തത്. മുൻപ് കടമായി നൽകിയ 3 ലക്ഷം രൂപയിൽ ഒന്നര ലക്ഷം രൂപ ജാനു മടക്കി നൽകുകയായിരുന്നുവെന്നും ഇടപാട് ബാങ്ക് മുഖേനയായിരുന്നുവെന്നുമാണ് ഇരുവരുടെയും മൊഴി. ജാനുവിന് വാഹന സംബന്ധമായ ആവശ്യത്തിനായാണ് പണം നൽകിയതെന്ന് ശശീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൽ 2020ൽ തിരികെ നൽകിയ ഒന്നര ലക്ഷം കഴിച്ച് ബാക്കി തുകയാണ് ഇക്കഴിഞ്ഞ മാർച്ചിൽ കൈമാറിയത്. ഇതോടെ തെരഞ്ഞെടുപ്പ് കാലത്ത് സി കെ ജാനുവിന്റെ കൈവശം വൻതോതിൽ പണമെത്തിയിരുന്നു എന്ന സംശയം ബലപ്പെടുകയാണ്. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
മാർച്ച് 7ന് തിരുവനന്തപുരത്ത് നിന്ന് സുരേന്ദ്രൻ സി കെ ജാനുവിന് പണം കൈമാറിയെന്നായിരുന്നു പ്രസീത അഴീക്കോടിന്റെ മൊഴി. തൊട്ടടുത്ത ദിവസം തന്നെയാണ് സി കെ ജാനു സി കെ ശശീന്ദ്രന് പണം തിരികെ നൽകിയതും.