മത്സരിക്കാനില്ലെന്ന് കെ. സുരേന്ദ്രൻ; പാലക്കാട് സി. കൃഷ്ണകുമാർ തന്നെ ബിജെപി സ്ഥാനാർഥി
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സി. കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്നത്.
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർഥിയെ സംബന്ധിച്ച് ബിജെപിയിൽ നിലനിന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഒടുവിൽ ഒറ്റപ്പേരിലേക്കെത്തി പാർട്ടി. സി. കൃഷ്ണകുമാർ തന്നെ ബിജെപി സ്ഥാനാർഥിയാവും. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സി. കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്നത്.
എന്നാൽ, സ്ഥാനാർഥിയാവാനില്ലെന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് സി. കൃഷ്ണകുമാറിനെ തന്നെ മത്സരിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ഇന്ന് രാത്രി എട്ട് മണിക്ക് മുൻപ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.
സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമാണ് കെ. സുരേന്ദ്രൻ ആദ്യം മുതൽ ഉന്നയിച്ചത്. എന്നാൽ ഇതിനിടയ്ക്ക് കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയടക്കമുള്ള ചില നേതാക്കൾ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണം എന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.
പക്ഷേ, ശോഭയെ പാലക്കാട് പരിഗണിക്കേണ്ടതില്ലെന്നും വയനാട്ടിലെ പട്ടികയിൽ ഉൾപ്പെടുത്താമെന്നും പറഞ്ഞ് ഒഴിവാക്കുകയായിരുന്നു കേന്ദ്ര നേതൃത്വം ചെയ്തത്. അങ്ങനെയാണ് കെ. സുരേന്ദ്രനും സി. കൃഷ്ണകുമാറും പട്ടികയിലിടംപിടിച്ചത്. തുടർന്ന് സി. കൃഷ്ണകുമാറിനെ തന്നെ സ്ഥാനാർഥിയായി തീരുമാനിക്കുകയും ചെയ്തു.
പാലക്കാട് ജയിക്കുമെന്ന് ഉറപ്പുള്ള ഒരു പേര് വരുമെന്നും തനിക്ക് മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്നും സുരേന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു. എന്നാൽ യുവ സ്ഥാനാർഥികൾക്കൊപ്പം മത്സരിച്ച് കനത്ത പരാജയമേറ്റുവാങ്ങേണ്ടിവന്നാൽ അത് സംസ്ഥാന അധ്യക്ഷനെന്ന നിലയ്ക്ക് വലിയ നാണക്കേടാവും എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ പിന്മാറ്റം എന്നാണ് സൂചന.