പാലമേലിലെ കുന്നുകൾ സംരക്ഷിച്ചില്ലെങ്കിൽ പരിസ്ഥിതി മിത്രം പുരസ്‌കാരം തിരിച്ചേൽപ്പിക്കും: സി.റഹിം

പ്രകൃതി സംരക്ഷണത്തിനായി സംസാരിക്കുകയും പ്രകൃതി നശീകരണത്തിനു കൂട്ടുനിൽക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും റഹിം

Update: 2023-11-10 12:38 GMT
Advertising

ആലപ്പുഴ: ഓണാട്ടുകരയിലെ പാലമേൽ പഞ്ചായത്തിലുള്ള കുന്നുകൾ സംരക്ഷിച്ചില്ലെങ്കിൽ പരിസ്ഥിതി മിത്രം പുരസ്‌കാരം തിരികെ നൽകുമെന്ന് എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി.റഹിം. ഓണാട്ടുകരയുടെ പ്രകൃതിയെയും സൂഷ്മ കാലാവസ്ഥയെയും നിർണായകമായി സ്വാധീനിക്കുന്നവയാണ് പാലമേൽ പഞ്ചായത്തിലെ കുന്നുകളെന്നും മലകൾ നശിപ്പിക്കപ്പെടുന്നതിലൂടെ പ്രാദേശിക ചരിത്രവും ദേശവും സംസ്‌കാരവും കൂടിയാണ് നശിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

"തന്റെ എഴുത്തിന്റ ഭൂമികയെയാണ് തകർക്കുന്നത്. തൈക്കാവിലെ പുരാണം ഉൾപെടെയുള്ള നോവലുകൾ പറയുന്നത് ഈ ദേശത്തിന്റ കഥയാണ്. ജന്മ നാടിന്റ പ്രകൃതിയും സാംസ്‌കാരിക പരിസരവും ഒന്നാകെ നശിപ്പിക്കുകയെന്നത് ഒരാൾക്കും അംഗീകരിക്കാനാവില്ല. മറ്റപ്പള്ളിയും മേട്ടുമ്പുറവും ഉൾപെടുന്ന കുന്നുകളാണ് ഓണാട്ടുകര ദേശത്തിന് കുടിവെള്ളം നൽകുന്നത്. മലകൾ നശിപ്പിക്കപ്പെടുന്നതോടെ പ്രദേശിക ചരിത്രവും ദേശവും സംസ്‌കാരവും കൂടി നശിപ്പിക്കപ്പെടും. പക്ഷി ഗ്രാമമെന്നു പേരു കേട്ട നൂറനാട് ഗ്രാമം പക്ഷികൾ പാടാത്ത നാടായി മാറുന്നത് സഹിക്കാനാവില്ല. പ്രകൃതി സംരക്ഷണത്തിനായി സംസാരിക്കുകയും പ്രകൃതി നശീകരണത്തിനു കൂട്ടുനിൽക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല". റഹിം പ്രതികരിച്ചു.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പരിസ്ഥിതി മിത്രം പുരസ്കാരം. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സി. റഹിമിന് സമ്മാനിച്ചത്. 

അതേസമയം, പാലമേലിൽ മലയിടിച്ച് മണ്ണെടുക്കുന്നതിനെതിരെ വൻ പ്രതിഷേധമാണുയരുന്നത്. പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പടെയുള്ള 17 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നേരത്തേ മണ്ണെടുക്കുന്നതിന് സർക്കാരും ഹൈക്കോടതിയും അനുമതി നൽകിയിരുന്നെങ്കിലും അപ്പീലിനെ തുടർന്ന് ഇത് നിർത്തിവച്ചു. എന്നാൽ അപ്പീലിൽ വിധി പറയാൻ മാറ്റിവച്ചതിനെ തുടർന്ന് മണ്ണെടുപ്പുകാർ വീണ്ടുമെത്തുകയും പ്രതിഷേധം കനക്കുകയുമായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News