മലയാളി യുവ ചരിത്രകാരൻ മഹ്‌മൂദ് കൂരിയയുടെ ഗ്രന്ഥം കാംബ്രിഡ്ജ് പ്രസ് പ്രസിദ്ധീകരിക്കുന്നു

ഡൽഹിയിലെ അശോക യൂനിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗത്തിൽ വിസിറ്റിങ് ഫാക്കൽറ്റിയായ ഡോ. മഹ്‌മൂദ് നെതർലൻഡ്‌സിലെ ലെയ്ഡൻ യൂനിവേഴ്‌സിറ്റിയിലും നോർവേയിലെ ബെർഗൻ യൂനിവേഴ്‌സിറ്റിയിലുമായാണ് ജോലി ചെയ്യുന്നത്

Update: 2022-03-01 09:11 GMT
Editor : Shaheer | By : Web Desk
Advertising

പ്രമുഖ മലയാളി യുവ ചരിത്രകാരൻ ഡോ. മഹ്‌മൂദ് കൂരിയയുടെ പുതിയ ഗ്രന്ഥം അന്താരാഷ്ട്ര പ്രസാധകരായ കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിക്കുന്നു. കൂരിയയുടെ 'ഇസ്ലാമിക് ലോ ഇൻ സർക്കുലേഷൻ' എന്ന പുസ്തകമാണ് കാംബ്രിഡ്ജ് പുറത്തിറക്കുന്നത്.

ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വ്യാപകമായി പിന്തുടർന്നുവരുന്ന ശാഫിഈ ഇസ്‌ലാമിക കർമശാസ്ത്ര സരണിയെക്കുറിച്ച് ആധികാരികമായി അന്വേഷിക്കുന്നതാണ് പഠനം. നിരവധി രാജ്യങ്ങളും നൂറ്റാണ്ടുകളും ഒരുമിച്ച് അനാവരണം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ രചനയാണ്. അറബി, ഉർദു, മലായ്, ഇന്തോനേഷ്യൻ, ഡച്ച്, ജർമൻ, പേർഷ്യൻ, മലയാളം, തമിഴ് തുടങ്ങി നിരവധി ഭാഷകളിലുള്ള ചരിത്ര സ്രോതസ്സുകൾ ഉപയോഗിച്ച് വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെ ഫലമാണ് കൃതി. പതിമൂന്നാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടുവരെ ആഫ്രിക്ക, അറേബ്യ, ഏഷ്യ എന്നിവിടങ്ങളിൽ ഇസ്‌ലാമിക നിയമം തദ്ദേശീയമായ നിയമവ്യവസ്ഥകൾക്കൊപ്പം വളരുകയും വ്യാപിക്കുകയും ചെയ്തത് എങ്ങനെയാണെന്നാണ് രചന കാര്യമായി പരിശോധിക്കുന്നത്. കേരളത്തിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമെല്ലാം പ്രചാരത്തിലുള്ള ശാഫിഈ സരണിയുടെ സാമൂഹികമായ പങ്കുകൂടി കൃതി അന്വേഷിക്കുന്നു.


ലോകപ്രശസ്തരായ നിരവധി അക്കാദമിക പണ്ഡിതർ പുസ്തകത്തെ പ്രശംസിച്ച് കുറിപ്പുകളെഴുതിയിട്ടുണ്ട്. സിറ്റി യൂനിവേഴ്‌സിറ്റി ഓഫ് ന്യൂയോർക്കിലെ ഡിസ്റ്റിങ്ങ്വിഷ്ഡ് പ്രൊഫസറും ഗ്രാജ്വേറ്റ് സെന്ററിന്റെ മുൻ പ്രസിഡന്റുമായ പ്രൊഫസർ ചെയ്‌സ് റോബിൻസൺ, ഹദ്‌റമി സയ്യിദുമാരുടെ ഇന്ത്യൻ മഹാസമുദ്രതീരങ്ങളിലെ സംഭാവനകളെക്കുറിച്ച് പഠനം നടത്തിയ ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയിലെ ആന്ത്രൊപോളജി-ഹിസ്റ്ററി വിഭാഗം പ്രൊഫസർ എങ്‌സങ് ഹോ, ഇംഗ്ലണ്ടിലെ എക്‌സറ്റർ യൂനിവേഴ്‌സിറ്റിയിലെ സെൻറർ ഫോർ ദ സ്റ്റഡി ഓഫ് ഇസ്‌ലാം ഡയറക്ടർ പ്രൊഫസർ റോബർട്ട് ഗ്ലീവ് തുടങ്ങി പ്രമുഖർ തന്നെ ഈ രചനയുടെ മൗലികതയും കൃതി പകരുന്ന പുതിയ അക്കാദമിക ഉൾക്കാഴ്ചകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിയിലെ അശോക യൂനിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗത്തിൽ വിസിറ്റിങ് ഫാക്കൽറ്റിയായ മഹ്‌മൂദ് നെതർലൻഡ്‌സിലെ ലെയ്ഡൻ യൂനിവേഴ്‌സിറ്റിയിലും നോർവേയിലെ ബെർഗൻ യൂനിവേഴ്‌സിറ്റിയിലുമായാണ് ജോലി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര സ്വദേശിയായ മഹ്‌മൂദ് ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലും ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലും ലെയ്ഡൻ യൂനിവേഴ്‌സിറ്റിയിലുമാണ് ബിരുദ, ബിരുദാനന്തര, ഗവേഷണ പഠനങ്ങൾ നിർവഹിച്ചത്.

Summary: Cambridge University Press publishes a book by young Malayali historian Dr. Mahmood Kooria

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News